dance

ന്യൂഡൽഹി: മുംബയിൽ 2005 മുതൽ ഡാൻസ് ബാറുകൾ നിരോധിച്ച മഹാരാഷ്‌ട്ര സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വിലക്കിന് ആധാരമാക്കിയ നിയമത്തിലെ ഉപാധികളിൽ ഇളവ് നൽകിയാണ് ജസ്‌റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ ബെഞ്ച് ഡാൻസ് ബാറുകൾക്ക് വീണ്ടും ലൈസൻസ് അനുവദിക്കാൻ അനുമതി നൽകിയത്.

നിരോധനത്തിനെതിരെ ഇന്ത്യൻ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് വിധി. ബാർ നർത്തകർ, വെയിറ്റർമാർ, പാട്ടുകാർ തുടങ്ങിയവർ കേസിൽ കക്ഷി ചേർന്നിരുന്നു. ഡാൻസ് ബാറുകളെ നിരോധിക്കാൻ കൊണ്ടുവന്ന നിയമത്തിലെ യുക്തി രഹിതവും ഭരണഘടനാവിരുദ്ധവും എന്നു വ്യക്തമായ വ്യവസ്ഥകളാണ് റദ്ദാക്കുന്നതെന്ന് വിധിയിൽ വിശദീകരിക്കുന്നു.

ഹോട്ടലുകളിലും ബാറുകളിലും അശ്ളീല നൃത്തം സ്‌ത്രീകളുടെ മാന്യതയ്‌ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്‌ട്ര സർക്കാർ കൊണ്ടുവന്ന പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2005 ആഗസ്‌റ്റ് 15നാണ് ഡാൻസ് ബാറുകൾ നിറുത്തലാക്കിയത്. ഡാൻസ് ബാറുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ അരങ്ങേറുന്നുവെന്നും നൃത്തം അശ്ളീല ചുവയുള്ളതുമാണെന്നും നിരോധനം ന്യായീകരിക്കാൻ മഹാരാഷ്‌ട്ര സർക്കാർ പറഞ്ഞു.

2006ൽ മുംബയ് ഹൈക്കോടതിയും സുപ്രീംകോടതിയും നിരോധനം സ്‌റ്റേ ചെയ്‌തെങ്കിലും മഹാരാഷ്‌ട്ര സർക്കാർ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്ന് അതു മറികടന്നിരുന്നു. ഈ വ്യവസ്ഥകളിൽ പലതും റദ്ദാക്കിയാണ് ഇന്നലെ സുപ്രീംകോടതി നിരോധനം നീക്കിയതും.