ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്ലി മെഡിക്കൽ പരിശോധനകൾക്കായി അമേരിക്കയിലേക്ക് പോയപ്പോൾ പന്നിപ്പനി ബാധിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഡൽഹി എയിംസിലും ചികിത്സ തേടി. പാർട്ടി ജനറൽ സെക്രട്ടറി രാംമാധവ് പനിബാധിച്ച് നോയിഡയിലെ ആശുപത്രിയിലാണ്. എയിംസിൽ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ ഇന്നലെ ഡിസ്‌ചാർജ്ജ് ചെയ്‌തു. ലോക്‌സഭാ തിരഞ്ഞെടുത് അടുത്തിരിക്കെ പ്രമുഖ നേതാക്കളുടെ ആരോഗ്യ സ്ഥിതി ബി.ജെ.പിയിൽ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയിൽ വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ അരുൺ ജയ്‌റ്റ്ലി തുടർ ചികിത്സയ്‌ക്കായാണ് യു.എസിൽ പോയത്. 2014ൽ മേജർ ശസ്‌ത്രക്രിയ്‌ക്ക് വിധേയനായ ശേഷം അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. കഴിഞ്ഞ കൊല്ലമാണ് വൃക്കമാറ്റിവച്ചത്. അണുബാധ പേടിച്ച് ഹസ്‌തദാനവും ആശ്ളേഷവും ഒഴിവാക്കിയാണ് അദ്ദേഹം പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ഇടക്കാല ബഡ്‌ജറ്റ് ജോലികളിൽ മുഴുകേണ്ട സമയത്താണ് യു.എസിലേക്കുള്ള യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക സമിതിയുടെ ചുമതലയും ജയ്‌റ്റ്‌ലിക്കാണ്.
54കാരനായ അമിത് ഷാ കഫക്കെട്ടും ശ്വാസ തടസവും മൂലമാണ് ചികിത്സ തേടിയത്. രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്ന് ബി.ജെ.പി അറിയിച്ചു.
സംഘടനാ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി രാംമാധവും കടുത്ത പനിയെ തുടർന്ന് നോയിഡയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.
വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആണ് രോഗബാധിതനായ മറ്റൊരു പ്രമുഖ നേതാവ്.