rakesh-asthana

ന്യൂഡൽഹി: അഴിമതി ആരോപണം നേരിടുന്ന വിവാദ സ്‌പെഷൽ ഡയറക്ടർ രാകേഷ് അസ്‌താനയെയും മറ്റു മൂന്ന് ഒാഫീസർമാരെയും കേന്ദ്രസർക്കാർ സി.ബി.ഐയിൽ നിന്ന് നീക്കം ചെയ്‌തു. അസ്‌താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റി. കേന്ദ്ര മന്ത്രിസഭ സെലക്‌ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.

പുറത്താക്കിയ അലോക് വർമ്മയ്‌ക്ക് പകരം പുതിയ ഡയറക്‌ടറെ നിയമിക്കുന്നതിന് മുന്നോടിയായാണ് അസ്‌താനയെയും മറ്റും മാറ്റിയത്.

ഗുജറാത്ത് കേഡറിലെ തന്നെ മറ്റൊരു ഐ.പി.എസ് ഒാഫീസർ ആയ ജോയിന്റ് ഡയറക്ടർ അരുൺകുമാർ ശർമ്മ, ആന്ധ്ര പ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും സി.ബി.ഐ ജോയിന്റ് ഡയറക്ടറുമായ മനീഷ് കുമാർ സിൻഹ, മഹാരാഷ്‌ട്ര കേഡറിൽ നിന്നുള്ള എസ്.പി ജയന്ത് ജെ. നായിക്‌നാവരെ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റുള്ളവർ.ഇവരെ മാതൃ കേഡറിലേക്ക് തിരിച്ചയയ്‌ക്കുമെന്നാണ് സൂചന.

അഴിമതി ആരോപണങ്ങൾ നേരിട്ട ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്‌താനയെ സി.ബി.ഐയിലെ രണ്ടാമത്തെ വലിയ പദവിയിൽ നിയമിച്ചത് മുൻ സി.ബി.ഐ ഡയറക്‌ടർ അലോക് വർമ്മ ചോദ്യം ചെയ്‌തിരുന്നു. വർമ്മ കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായതും അതേ തുടർന്നാണ്. അലോക് വർമ്മയ്‌ക്കൊപ്പം അസ്‌താനയെയും കേന്ദ്ര സർക്കാർ നിർബ്ബന്ധിത അവധിയിൽ മാറ്റിയിരുന്നു.ഇപ്പോൾ അസ്‌താനയുടെ സി. ബി. ഐയിലെ കാലാവധി അടിയന്തര പ്രാബല്യത്തോടെ അവസാനിപ്പിോിരിക്കയാണ്. അലോക് വർമ്മയെ പുറത്താക്കിയതു മുതൽ അഡിഷണൽ ഡയറക്ടർ നാഗേശ്വർ റാവുവിനാണ് സി. ബി. ഐ മേധാവിയുടെ ചുമതല.

മൊയിൻ ഖുറേഷി കേസിൽ ഇടനിലക്കാരൻ സതീഷ് സനയിൽ നിന്ന് കോഴവാങ്ങിയതിനാണ് അസ്‌താനയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നത്. പത്താഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.