ന്യൂഡൽഹി: സ്‌ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ആസ്ട്രേലിയൻ പര്യടനത്തിനിടെ ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ എന്നിവർക്കെതിരെ ഒാംബുഡ്‌സ്‌മാൻ അന്വേഷണം പ്രഖ്യാപിച്ച ബി.സി.സി.സി ഇടക്കാല സമിതി അദ്ധ്യക്ഷൻ വിനോദ് റായിയുടെ തീരുമാനത്തിന് അംഗീകാരം നൽകുന്നത് പരിഗണിക്കാതെ സുപ്രീംകോടതി കേസ് നീട്ടി. ബി.സി.സി.സി കേസിലെ അമിക്കസ് ക്യൂറിയായ ഗോപാൽ സുബ്രഹ്‌മണ്യം രാജിവച്ചതിനെ തുടർന്നാണ് ജസ്‌റ്റിസുമാരായ എ.എം. സാപ്രെയും എസ്.എ. ബോബ്ഡെ എന്നിവരുടെ ബെഞ്ച് കേസ് നീട്ടിയത്. പുതിയ അമിക്കസ് ക്യൂറിയായി നിയമിച്ച മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹ ഒരാഴ്‌ചയ്ക്കുളളിൽ ചുമതലയേൽക്കും. രണ്ടു കളിക്കാർക്കുമെതിരെ അന്വേഷണം നടത്തി ശക്തമായ നടപടിയെുക്കണമെന്ന് ഇടക്കാല സമിതി അംഗം ഡയാനാ എഡുൽജി ആവശ്യപ്പെട്ടിരുന്നു.