ന്യൂഡൽഹി: ''ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ പായവഞ്ചി ഉലഞ്ഞ് നടുവൊടിഞ്ഞ് വീണ് കിടക്കവെ മരണത്തെ മുഖാമുഖം കണ്ടങ്കിലും ഒരിക്കൽ പോലും ആശവെടിഞ്ഞില്ല. അത് നാവികസേനയിലെ പരിശീലനത്തിന്റെ മികവ്'' കഴിഞ്ഞ സെപ്‌തംബറിൽ ഗോൾഡൻ ഗ്ളോബ് പായവഞ്ചി പര്യടനത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട മലയാളി നേവൽ കമാൻഡർ അഭിലാഷ് ടോമിയുടെ വാക്കുകളാണിത്. വിദഗ്‌ദ്ധ ചികിത്‌യ്‌ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത ടോമി ആറുമാസത്തിനു ശേഷം വീണ്ടും കടലിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്.
പായവഞ്ചിയിൽ 30,000 മൈൽ ചുറ്റുന്ന ഗോൾഡൻ ഗ്ളോബ് റേസിൽ 2012-13ൽ ലോകപര്യടനം നടത്തി പ്രശസ്‌തനായ ടോമി കഴിഞ്ഞ വർഷം പ്രത്യേക ക്ഷണിതാവായിരുന്നു. ഇന്ത്യൻ തീരത്തു നിന്ന് 2800 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റ് വീശി പായവഞ്ചിയെ എടുത്തുലച്ചത്. ഉയർന്നു പൊങ്ങി ബോട്ടിന്റെ തട്ടിൽ നടുവടിച്ച് വീണു. അനങ്ങാനാകാതെ കിടന്നപ്പോൾ ആരെങ്കിലും രക്ഷപ്പെടുത്തമെന്ന് വിശ്വാസമുണ്ടായിരുന്നു. ആശവെടിയാതെ പ്രതിസന്ധികളെ നേരിടാൻ നേവി പഠിപ്പിച്ചിട്ടുണ്ട്. ടിന്നിലടച്ച ഭക്ഷണവും ഐസിട്ട ചായയും കഴിഞ്ഞ് വിശപ്പടക്കി. നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റിരുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ടോമിയെ ആംസ്‌റ്റാർ ദ്വീപിലെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കു ശേഷം നാവിക സേനയുടെ ഐ.എൻ.എസ് സത്‌പുരയിലാണ് ഇന്ത്യയിൽ എത്തിച്ചത്.ഭാര്യയും കുടുംബാംഗങ്ങളും ഏറെ പിന്തുണ നൽകി. പര്യടനം പൂർത്തിയാക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. 2022ൽ അടുത്ത റേസിന് പോകണം. ആറുമാസത്തിനുള്ളിൽ വീണ്ടും കടലിലിറങ്ങുമെന്നും ടോമി കൂട്ടിച്ചേർത്തു.