sabarimala-

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയ്‌ക്കും ബിന്ദുവിനും 24 മണിക്കൂറും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. അതേസമയം, ശബരിമല നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

യുവതീപ്രവേശന വിധിക്കു ശേഷം ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയ്‌ക്കും ബിന്ദുവിനും പ്രതിഷേധം മൂലം സഞ്ചാര സ്വാതന്ത്ര്യം നഷ്‌ടമായെന്നും ജീവൻ അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്‌റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദിനേഷ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. ഇവരുടെ ദർശന ശേഷം പ്രതിഷേധവും അക്രമവും പൊട്ടിപ്പുറപ്പെട്ടതും രക്ഷതേടി പല സ്ഥലങ്ങളിൽ ഒളിച്ചു കഴിഞ്ഞതും ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് വിവരിച്ചു.

സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ശബരിമലയിൽ ദർശനം നടത്തിയവർക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും ഇതിന്റെ രേഖകൾ സമർപ്പിക്കുന്നതായും ബോധിപ്പിച്ചു. തുടർന്നാണ് സംരക്ഷണം തുടരാനും അത്തരത്തിൽ ഉത്തരവിറക്കാമെന്നും കോടതി പറഞ്ഞത്.

ദർശനം നടത്തിയതിന് തൊട്ടു പിറകേ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത് ഭരണഘടനാ വിരുദ്ധവും കോടതി അലക്ഷ്യവുമായതിനാൽ നടപടി വേണമെന്നും ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന പുനഃപരിശോധനാ ഹർജികൾക്കൊപ്പം ചേർക്കണമെന്നും ഈ സമയം ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടു.

തന്ത്രിയുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ മുന്നിൽ നേരത്തേ ഉണ്ടെന്നും അതടക്കമുള്ള ആവശ്യങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ഹർജികൾക്കൊപ്പം ചേർക്കണമെന്ന അപേക്ഷയും തള്ളിയ കോടതി കേസ് തീർപ്പാക്കി.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനെ പ്രധാന കേസിൽ കക്ഷിയായ അയ്യപ്പ ഭക്തരുടെ സംഘടന എതിർത്തിരുന്നു.