sabarimala

ന്യൂഡൽഹി: യുവതീപ്രവേശന വിധിക്ക് ശേഷം ശബരിമലയിൽ ദർശനം നടത്തിയ 51 യുവതികളുടേതെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ അപ്പാടെ ദുരൂഹത.

ലിസ്റ്റിലുള്ള പല സ്‌ത്രീകൾക്കും 50 വയസിൽ കൂടുതലുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് വിവാദമായത്. ലിസ്റ്റിൽ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്‌ത്രീകൾ ചാനലുകളോട് പറയുകയും ചെയ്‌തതോടെ സർക്കാർ വെട്ടിലായി. ഓൺലൈനിൽ അപേക്ഷിക്കാൻ പ്രായം തെളിയിക്കുന്ന ആധാർ ഉൾപ്പെടെയുള്ള രേഖകൾ വേണമെന്നിരിക്കെ, പലരുടെയും പ്രായത്തിൽ വ്യത്യാസം വന്നതിലാണ് ദുരൂഹത.

അതേസമയം ലിസ്റ്റിൽ ഒരു പുരുഷന്റെ പേരും കടന്നു കൂടി. ചെന്നൈ തുണ്ടളം സ്വദേശി പരംജ്യോതി ( 47 ) സ്‌ത്രീ എന്ന് രേഖപ്പെടുത്തിയാണ് ഓൺലൈനിൽ അപേക്ഷിച്ചതെന്ന് വ്യക്തമായി. അബദ്ധം പറ്റിയതാണെന്ന് അയാൾ പറഞ്ഞു.

ദർശനം നടത്തിയ കനകദുർഗയും ബിന്ദുവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് സർക്കാർ 51പേരുടെ പട്ടിക സമർപ്പിച്ചത്. വെർച്വൽ ക്യൂവിനുള്ള ഒാൺലൈൻ അപേക്ഷകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണെന്നും നേരിട്ട് ദർശനം നടത്തിയവർ വേറെയുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കനകദുർഗയ്ക്കും ബിന്ദുവിനും പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോൾ ദർശനം നടത്തിയ എല്ലാ യുവതികൾക്കും അതു ബാധകമാക്കിയെന്ന് സർക്കാരിനു വേണ്ടി അഭിഭാഷകൻ വിജയ് ഹൻസാരിയയും സ്‌റ്റാൻഡിംഗ് കോൺസൽ ജി.പ്രകാശും അറിയിച്ചു. 50 വയസിൽ താഴെയുള്ള 51 സ്‌ത്രീകൾ ദർശനം നടത്തിയതിന്റെ രേഖകൾ സമർപ്പിക്കുന്നതായും ഇരുവരും പറഞ്ഞു.സർക്കാർ വാദത്തെ അയ്യപ്പ ഭക്തരുടെ സംഘടനയുടെ അഭിഭാഷകരായ മാത്യു നെടുമ്പാറ, എം.ആർ. അഭിലാഷ്, വി.കെ. ബിജു തുടങ്ങിയവർ എതിർത്തു.

യുവതികളുടെ പേരും വയസും വിലാസവും സംസ്ഥാനവും അടങ്ങിയ ലിസ്റ്റിൽ മലയാളികൾ ഇല്ല. തമിഴ്നാട് (25), ആന്ധ്ര (20), തെലങ്കാന (3), കർണാടക, ഗോവ, പുതുച്ചേരി (ഒന്നു വീതം) എന്നിങ്ങനെയാണ് ലിസ്റ്റ്. ആറുപേർ ഒഴികെ എല്ലാവർക്കും 45 വയസിൽ കൂടുതലുണ്ട്.

പട്ടികയുടെ വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്‌മൂലം ഡി.ജി.പിയുടെ പേരിൽ സർക്കാർ നൽകിയെങ്കിലും കോടതി സ്വീകരിച്ചില്ല. ഒാൺലൈനിൽ അപേക്ഷിച്ച16 ലക്ഷം പേരിൽ 7564 പേർ 10-50 പ്രായപരിധിയിലുള്ള സ്ത്രീകളായിരുന്നു. 11 പേർക്ക് 49 വയസുമുണ്ട്. ഡിജിറ്റൽ സ്‌കാൻ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നത്.

പിശകുകൾ ഇങ്ങനെ

സർക്കാർ ലിസ്റ്റ് സമർപ്പിച്ച ശേഷം സുപ്രീംകോടതിയിലെ ചില അഭിഭാഷകരുമായി ഫോണിൽ ബന്ധപ്പെട്ട പലരും 50നു മുകളിൽ പ്രായമുണ്ടെന്നാണ് പറഞ്ഞത്. ആന്ധ്ര നെല്ലൂർ സ്വദേശി പത്മാവതിയുടെ പ്രായം ലിസ്റ്റിൽ 45 ആണെങ്കിലും യഥാർത്ഥത്തിൽ 60 വയസുണ്ട്. 43 വയസു പറയുന്ന ആന്ധ്രയിലെ ശ്രീകാകുളം സ്വദേശി ചിന്തയ്‌ക്ക് 52 വയസാണ്. 53കാരിയായ വിശാഖപട്ടണം സ്വദേശി ചക്രമ്മയുടെ പ്രായം ലിസ്റ്റിൽ 45 എന്നാണ്. 43 വയസെന്ന് ലിസ്റ്റിൽ പറഞ്ഞ കലാവതിക്ക് 52 വയസുണ്ട്.. 53 വയസുള്ള ചെന്നൈ സ്വദേശി ഷീലയുടെ പ്രായം ലിസ്റ്റിൽ 48 ആണ്.

'പുനഃപരിശോധനാ ഹർജികളിലെ വിധിയെ സ്വാധീനിക്കാനാണ് സർക്കാർ സുപ്രീംകോടതിയിൽ യുവതികളുടെ വ്യാജ ലിസ്റ്റ് സമർപ്പിച്ചത് ''.
പി.എസ്. ശ്രീധരൻപിള്ള