ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികൾ അടക്കം ഉന്നത എൻജിനീയറിംഗ് സ്ഥാപനങ്ങളിലക്കുള്ള പ്രവേശനത്തിന് നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി (എൻ.ടി.എ) ജനുവരി എട്ടുമുതൽ 12 വരെ നടത്തിയ ജോയിന്റ് എൻട്രൻസ് എക്‌സാമിന്റെ (ജെ.ഇ.ഇ) മെയിൻ പേപ്പർ - ഒന്ന് ബി.ഇ / ബി.ടെക്) പരീക്ഷയുടെ ഫലം വന്നു. 15 കുട്ടികൾക്ക് 100 ശതമാനം സ്കോർ ലഭിച്ചു. കോട്ടയം മാന്നാനം സ്വദേശി വിഷ്‌ണു വിനോദ് ആണ് കേരളത്തിലെ ഒന്നാമൻ (99.9990801).
എൻ.ടി.എ ആദ്യമായി നടത്തിയ പരീക്ഷയിൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒാരോസെഷനിലും ലഭിച്ച മാർക്കുകളെ അടിസ്ഥാനമാക്കിയുള്ള എൻ.ടി.എ സ്‌കോർ രൂപത്തിലാണ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ ഏപ്രിലിൽ ഒരു അവസരം കൂടി ലഭിക്കും. ഏപ്രിലിലെ പരീക്ഷയിലെ സ്‌കോറുകളും അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്‌ചയിക്കുക. രാജ്യത്തും വിദേശത്തുമുള്ള 467 കേന്ദ്രങ്ങളിൽ 8,74,469 വിദ്യാർത്ഥികളാണ് ജനുവരിയിൽ പരീക്ഷ എഴുതിയത്. ഏപ്രിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയ്‌ക്ക് ഫെബ്രുവരി എട്ട് മുതൽ മാർച്ച് എട്ടു വരെ അപേക്ഷിക്കാം. ഏപ്രിൽ ആറുമുതൽ 20വരെയാണ് പരീക്ഷ.