ഫെബ്രുവരി 6ന് മുൻപ് അനുമതി നേടണം
ന്യൂഡൽഹി:സി.പി.ഐ നേതാവും ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യ കുമാറിനും മറ്റുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി സ്വീകരിച്ചില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് നിയമപ്രകാരമുള്ള അനുമതി നേടാതിരുന്നതാണ് കാരണം. ഫെബ്രുവരി ആറിനു മുൻപ് അനുമതി ലഭ്യമാക്കാൻ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് ദീപക് ഷെറാവത്ത് ഉത്തരവിട്ടു.
ജനുവരി 14നാണ് കനയ്യകുമാർ, മുൻ വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, അനിർബൻ ഭട്ടചാര്യ, ജമ്മു കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളായ ആക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ്, ഉമർ ഗുൽ, റയ്യീയ റാസോൾ, ബഷീർ ഭട്ട്, ബഷാറത്ത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കുറ്റപത്രം സമർപ്പിച്ചത്. 2016ൽ പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. രാജ്യദ്രോഹത്തിനുള്ള 124 എ വകുപ്പ് ചുമത്തിയ കുറ്റപത്രം സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട സർക്കാരുകളിൽ നിന്ന് അനുമതി തേടണമെന്നതാണ് വ്യവസ്ഥ.
കുറ്റപത്രത്തിൽ സർക്കാർ അനുമതി പത്രം ഇല്ലാത്തത് കോടതി ഡൽഹി പൊലീസ് അഭിഭാഷകന്റെ ശ്രദ്ധയിൽപ്പെടുത്തി. പൊലീസിന്റെ നിയമ വിഭാഗം ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ എന്നും കോടതി ചോദിച്ചു.
2016 ഫെബ്രുവരി 9ന് നടന്ന പരിപാടിക്കിടെ കനയ്യ കുമാറും കൂട്ടരും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് സ്ഥാപിക്കാൻ 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
കനയ്യകുമാറിനെ ബീഹാറിൽ നിന്ന് മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കുറ്റപത്രം സമർപ്പിച്ചത് രാഷ്ട്രീയ ലാക്കോടെയാണെന്ന ആരോപണവും ഉയർന്നു. സി.പി.ഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത രാജ, മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ലാ റഷീദ് എന്നിവരടക്കം 36 പേരും കുറ്റപത്രത്തിലുണ്ട്. ഇവർക്കെതിരെ രാജ്യദ്രോക്കുറ്റമില്ല.