election-commission-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട സ്ഥലംമാറ്റങ്ങൾ ഫെബ്രുവരി 28ന് മുൻപായി നടപ്പാക്കാൻ കമ്മിഷൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചേക്കും.

സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരും മൂന്നു വർഷത്തിൽ കൂടുതൽ ഒരു സ്ഥലത്ത് തുടരുന്നവരുമായ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, എ.ഡി.എമ്മുമാർ, ഡെപ്യൂട്ടി കളക്‌ടർമാർ, ബി.ഡി.ഒമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സ്ഥലം മാറ്റി മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകണം.

സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള സൗകര്യം നോക്കിയാണ് എത്ര ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കുക. നരേന്ദ്രമോദി സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന ജൂൺ മൂന്നിന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണം. 2014ൽ ഏപ്രിൽ 7 മുതൽ മെയ് 12വരെ 9 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് നാലിനായിരുന്നു അന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.