ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ സുവർണാവസരമൊരുങ്ങുന്നു. പ്രധാനമന്ത്രിയായശേഷം വിവിധ സന്ദർശനങ്ങൾക്കിടെയും മറ്റുമായി ലഭിച്ച തലപ്പാവുകൾ, ഷാളുകൾ, പെയിന്റിംഗുകൾ തുടങ്ങി 1800ലേറെ സമ്മാനങ്ങളാണ് ലേലം ചെയ്യുന്നത്. തുക ഗംഗാ ശുചീകരണ ഫണ്ടിലേക്ക് കൈമാറുമെന്നും കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മ പറഞ്ഞു. ഡൽഹി നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ട് മുഖേനെയുള്ള ലേലത്തിന്റെ തീയതി അടുത്തദിവസം പ്രഖ്യാപിക്കും. മൂന്നു ദിവസം ഇ - ലേലം ഉണ്ടാകും. പിന്നീട് ഡൽഹിയിലും നടത്തും. മിക്ക സമ്മാനങ്ങൾക്കും 500 രൂപയാണ് അടിസ്ഥാന വില. ഇവ നേരത്തെ നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിന് വച്ചിരുന്നു. 2015ൽ മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ഗുജറാത്തിൽ ലേലം ചെയ്തതിലൂടെ എട്ടുകോടിയിലധികം രൂപ ലഭിച്ചിരുന്നു.