km-shaji

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ ശ്രീജിത്ത് കോടേരി വ്യാജ തെളിവ് സമർപ്പിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എം.ഷാജി എം.എൽ.എ സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനിടയാക്കിയ വിവാദ ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തതല്ലെന്നും വളപട്ടണം സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ശ്രീജിത്ത് കോടേരി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹർജിയിൽ പറയുന്നു. കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിവാദ ലഘുലേഖകൾ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന യു.ഡി.എഫിലെ എൻ.പി മനോരമയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവയാണെന്നാണ് ശ്രീജിത്ത് കോടേരി മൊഴി നൽകിയത്. എന്നാൽ,കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഇതേ ഉദ്യോഗസ്ഥൻ നൽകിയ മഹസർ ലിസ്റ്റിൽ അങ്ങനെ പറഞ്ഞിട്ടില്ല. കേസിലെ ചില വിവാദ ലഘുലേഖകൾ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ലിസ്റ്റിൽ ഇല്ലെന്നും കെ.എം ഷാജി ഹർജിയിൽ ചൂണ്ടിക്കാട്ടി.

വർഗീയ പ്രചാരണം ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് അഴീക്കോട് തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. വിധിക്കെതിരെ കെ.എം.ഷാജി നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.