ന്യൂഡൽഹി: എം. നാഗേശ്വരറാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പിൻമാറി. സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതി അംഗമായതിനാലാണ് തീരുമാനം. ഈ ഹർജി ജസ്റ്റിസ് എ.കെ. സിക്രി അദ്ധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് നാഗേശ്വരറാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോമൺകോസ് എൻ.ജി.ഒയാണ് ഹർജി നൽകിയത്. ഇന്നലെ ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് പിന്മാറുന്നതായി അറിയിച്ചത്.
സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ ഉന്നതാധികാരസമിതിയാണ്. ജനുവരി 24ന് ഈ സമിതി യോഗം ചേരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.