mehul-choksi
MEHUL CHOKSI

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ രാജ്യം വിട്ട വിവാദ വ്യവസായി മെഹുൽ ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. പാസ്പോർട്ട് ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സമർപ്പിച്ചു.

കരീബിയൻ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വൻ പൗരത്വം നേടിയ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ സി.ബി.ഐയും എൻഫോഴ്സ്മെന്റും ശ്രമിക്കുകയാണ്. ഇത് മറികടക്കാനാണ് പൗരത്വം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചോക്‌സി നേരിട്ടാണോ തപാൽ വഴിയാണോ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പാസ്പോർട്ടെത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.

ചോക്‌സിയും അനന്തരവൻ നീരവ് മോദിയും പഞ്ചാബ് നാഷണൽ ബാങ്കിൽ 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നീരവ് മോദി ലണ്ടനിലാണുള്ളത്. വൻ നിക്ഷേപം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ള വ്യവസായികൾക്ക് ആന്റിഗ്വ പൗരത്വം നൽകും. ചോക്‌സി അവിടെ പൗരത്വം നേടി കഴിഞ്ഞ വർഷം ഇന്ത്യ വിടുകയായിരുന്നു.

ഇന്ത്യൻ പൗരൻ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാൽ പാസ്പോർട്ട് തിരികെ നൽകണമെന്നാണ് നിയമം. അതിനാൽ ചോക്‌സിയുടെ പുതിയ നീക്കം കേസിനെ ബാധിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞവർഷം വിദേശകാര്യമന്ത്രാലയം ചോക്‌സിയുടെയും നീരവ് മോദിയുടെയും പാസ്പോർട്ട് റദ്ദാക്കിയിരുന്നു.

'രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്. മെഹുൽ ചോക്‌സിയെ സർക്കാർ തിരികെയെത്തിക്കും."

കേന്ദ്ര ആഭ്യന്തരമന്ത്രി

രാജ്നാഥ് സിംഗ്