ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ റിട്ട് ഹർജികൾ അടുത്തമാസം സുപ്രീംകോടതി പരിഗണിച്ചേക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച താത്കാലിക തീയതി ഫെബ്രുവരി എട്ടാണ്. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ തുടങ്ങിയവരാണ് റിട്ട് ഹർജികൾ നൽകിയത്.
പുനഃപരിശോധനാ ഹർജികൾ ഇന്ന് തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. പുനഃപരിശോധനാ ഹർജികൾക്ക് ശേഷമേ റിട്ട് ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ വ്യക്തമാക്കിയിരുന്നു.