ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ താരം കരീന കപൂറിനെ കോൺഗ്രസ് ടിക്കറ്റിൽ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്ത്. മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് യോഗേന്ദ്ര സിംഗ് ചൗഹാനാണ് ബി.ജെ.പി കോട്ടയായ ഭോപ്പാൽ മണ്ഡലം പിടിച്ചെടുക്കാൻ കരീനയെ രംഗത്തിറക്കണമെന്നാവശ്യവുമായി കത്തയച്ചത്. 1984 മുതൽ കോൺഗ്രസിന് വിജയിക്കാനാകാത്ത മണ്ഡലം പിടിക്കാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥി കരീനയാണെന്നാണ് യോഗേന്ദ്ര ചൗഹാന്റെ വാദം.
കരീനയുടെ ഭർത്താവ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പിതാവ് മൻസൂർ അലി ഖാൻ പട്ടൗഡി 1991ൽ ഭോപ്പാലിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഭോപ്പാലിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് നേതാക്കളില്ലെന്നതാണ് കരീനയെ മത്സരിപ്പിക്കണമെന്ന ആവശ്യം സൂചിപ്പിക്കുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മാധുരി ദീക്ഷിത്, ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവഗൺ, കപിൽ ദേവ്, അക്ഷയ്കുമാർ, അനുപംഖേർ എന്നീ പ്രമുഖർ ബി.ജെ.പി സ്ഥാനാർത്ഥികളാകുമെന്ന് റിപ്പോർട്ടുകളുണ്ട്.