evm

ന്യൂഡൽഹി: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന് യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.പി, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, ഡൽഹി സംസ്ഥാനങ്ങളിലെ ഫലവും ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ ഫലവും ബി.ജെ.പിക്കായി അട്ടിമറിച്ചെന്ന ഗുരുതര ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. മോഡുലേറ്റർ ഉപയോഗിച്ചാണ് ഇ.വി.എം ഹാക്ക് ചെയ്തത്. ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ (യൂറോപ്പ്) സംഘടിപ്പിച്ച പത്രസമ്മളനത്തിലാണ് പൊതുതിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ രൂപകല്പന ചെയ്ത സംഘത്തിൽപ്പെട്ടയാളാണ് താനെന്ന് ഷൂജ അവകാശപ്പെട്ടു. ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷനെയും രാഷ്ട്രീയ പാർട്ടികളെയും പത്രസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം തനിക്കെതിരെ വധശ്രമം നടന്നു. യു.എസിൽ അഭയം തേടി അപേക്ഷ നൽകി. തെളിവുകൾ യു.എസ് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്.

എസ്.പി, ബി.എസ്.പി എന്നീ പാർട്ടികൾ ഹാക്കിംഗിനായും, വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കാൻ ആം ആദ്മിയും സമീപിച്ചതായും യു.എസിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ പത്രസമ്മേളനത്തിൽ പങ്കെടുത്ത ഷൂജ പറഞ്ഞു

ഗുരുതര ആരോപണങ്ങൾ
 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നു. അതുവഴി 201 സീറ്റിൽ കോൺഗ്രസ് തോറ്റു
 വിവരമറിഞ്ഞ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെ അപകടത്തിൽ കൊല്ലപ്പെട്ടു

 മരണം അന്വേഷിച്ച എൻ.ഐ.എ ഓഫീസർ തൻസിൽ അഹമ്മദ് എഫ്.ഐ.ആർ സമർപ്പിക്കാനിരിക്കെ കൊല്ലപ്പെട്ടു

 വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്ന വാർത്ത റിപ്പോർട്ട് ചെയ്യാമെന്ന് സമ്മതിച്ച ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു

‌ യന്ത്രങ്ങളിൽ ഉപയോഗിച്ച കേബിളുകൾ നിർമ്മിച്ചതാരാണെന്നറിയാൻ ലങ്കേഷ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു
 യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വൻസി സിഗ്നലുകൾ ലഭിക്കാൻ റിലയൻസ് കമ്മ്യൂണിക്കേഷൻ ബി.ജെ.പിയെ സഹായിച്ചു

 ഡാറ്റ കൈമാറ്റ നെറ്റ‌്‌വർക്ക് റിലയൻസിനുണ്ട്. 9 സ്ഥലങ്ങളിൽ അതിന് സൗകര്യമുണ്ട്. ജീവനക്കാർ അറിയാതെ അവരെക്കൊണ്ട് തിരിമറി നടത്തി
 ചത്തീസ്ഗഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കൃത്രിമത്തിന് ശ്രമിച്ചു. ഞങ്ങളുടെ സംഘം ഇടപെട്ടതിനാൽ നടന്നില്ല

 2015ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.വി.എം ഹാക്ക് ചെയ്യാനുള്ള ശ്രമം ഞങ്ങൾ തടഞ്ഞു. അല്ലെങ്കിൽ ബി.ജെ.പി തൂത്തുവാരിയേനെ

 ഇ.വി.എം അട്ടിമറിയെക്കുറിച്ചുള്ള മുഴുവൻ കഥയും രാത്രി ചർച്ചയിൽ ആക്രോശിക്കുന്ന ഇന്ത്യയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനോട് പറഞ്ഞിരുന്നു

ഞങ്ങളെ വെടിവച്ചു

' 2014 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കവേ ഇ.വി.എം ഹാക്ക് ചെയ്യുന്നത് ഞങ്ങളുടെ ടീം കണ്ടെത്തി. ഈ വിവരം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ബി.ജെ.പി നേതാക്കളുമായി ഒരു മീറ്റിംഗിന് ശ്രമിച്ചു. ബി.ജെ.പി നേതാവിനെ കാണാനായി പോകുന്നതിനിടെ ഹൈദരാബാദിൽ ഞങ്ങൾക്ക് നേരെ വെടിവയ്പുണ്ടായി. എനിക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. സഹപ്രവർത്തകർ കൊല്ലപ്പെട്ടു. ഇത് മറയ്ക്കാനായി കിഷൻഗഡിൽ സാമുദായിക ലഹളയുണ്ടാക്കി"- ഷൂജ ആരോപിച്ചു

നിയമ നടപടിക്ക്

തിര. കമ്മിഷൻ
വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും ലണ്ടനിലെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് എന്ത് നിയമനടപടി സ്വീകരിക്കാൻ കഴിയുമെന്ന് പരിശോധിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.