ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഭരണഘടനാബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമൽഹോത്ര ജനുവരി 30വരെ അവധിയിലാണ്. അവർ വന്നശേഷമേ പുതിയ തീയതി തീരുമാനിക്കുകയുള്ളൂവെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി.
ജനുവരി 22ന് പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് ഇന്ദുമൽഹോത്ര അവധിയിൽ പോയതോടെ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതി വെബ്സൈറ്റിൽ ശബരിമലയുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ പരിഗണിക്കുന്ന താത്കാലിക തീയതി ഫെബ്രുവരി എട്ടാണെന്ന് രേഖപ്പെടുത്തിയിരുന്നു. റിട്ട് ഹർജി നൽകിയിട്ടുള്ള ശൈലജ വിജയന്റെ അഭിഭാഷകൻ മാത്യു നെടുമ്പാറ, ഇതേത്തുടർന്ന് തീയതിയിൽ വ്യക്തത തേടിയപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.