കോൺഗ്രസ് സ്പോൺസേർഡ് പരിപാടിയെന്ന് രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങൾ തിരിമറി നടത്തിയെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ സാന്നിദ്ധ്യം. ലണ്ടനിൽ നടന്ന പത്രസമ്മേളനത്തിൽ സിബൽ പങ്കെടുത്തത് ചൂണ്ടിയാണ് ആരോപണങ്ങളെ ബി.ജെ.പി പ്രതിരോധിക്കുന്നത്.
അട്ടിമറി ആരോപണം കോൺഗ്രസിന്റെ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കപിൽ സിബൽ കോൺഗ്രസിന് വേണ്ടി സാഹചര്യങ്ങൾ നിരീക്ഷിക്കാനാണ് പോയത്. കോൺഗ്രസ് സ്പോൺസേർഡ് പരിപാടിയാണ് നടന്നത്. 2014ലെ ജനവിധിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കോൺഗ്രസ് അപമാനിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
എന്നാൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസിനെ പ്രതിനിധീകരിച്ചല്ലെന്ന് അഭിഷേക് സിംഗ്വി പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ ക്ഷണിച്ചതിനാൽ സ്വന്തംനിലയിലാണ് സിബിൽ പോയതെന്നും സിംഗ്വി വ്യക്തമാക്കി.
അയോദ്ധ്യ കേസ് 2019 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു നീക്കം. അയോദ്ധ്യ പ്രശ്നപരിഹാരത്തിന് കോൺഗ്രസ് തടസം നിൽക്കുകയാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇത് രാഷ്ട്രീയ അയുധമാക്കി. പുതുവത്സര ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ അഭിമുഖത്തിലും കോൺഗ്രസ് അഭിഭാഷകർ കോടതി നടപടികൾ വൈകിപ്പിക്കാൻ ഇടപെടുന്നുവെന്ന ആരോപണമുന്നയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായി അനിൽ അംബാനിയെ സഹായിക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശക്തമായ വിമർശനം ഉയർത്തുന്നതിനിടെ
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് വേണ്ടി സിബൽ സുപ്രീംകോടതിയിൽ ഹാജരായി. ഇത് ചൂണ്ടി ബി.ജെ.പി പ്രതിരോധമുയർത്തി. സിബൽ അഭിഭാഷകനെന്ന നിലയിലാണ് ഹാജരായതെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി
ബാലറ്റ് പേപ്പർ ഉപയോഗിക്കണം: മായാവതി
.................................................................
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ജനാധിപത്യത്തിന്റെ വിശാല താത്പര്യം മാനിച്ച് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ടുയരുന്ന വിഷയങ്ങൾ പരിഗണിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് മായാവതി ആവശ്യപ്പെട്ടു. ഇത് ജനാധിപത്യത്തിൽ വിശ്വാസ്യതയുടെ പ്രശ്നമാണെന്നും കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തീരുമാനമെടുക്കണമെന്നും എസ്.പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
പേപ്പർ ബാലറ്റ് കൊണ്ടുവന്നില്ലെങ്കിലും 50 ശതമാനമെങ്കിൽ വിവിപാറ്റ് തിരഞ്ഞെടുപ്പിൽ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയും ആവശ്യപ്പെട്ടു.