ന്യൂഡൽഹി: ഇന്ത്യയുടെ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അവകാശവാദമുന്നയിച്ച യു.എസ്. ഹാക്കർ സയ്ദ് ഷൂജയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം വേണമെന്ന് ഡൽഹി ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. പൊതുസമൂഹത്തിന് ഭീതിയുളവാക്കുന്ന തരത്തിലുള്ള നടപടിക്ക് ഐ.പി.സി 505(1) (ബി) പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതിയും ഹൈക്കോടതികളും വിവിധ വിധികളിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സംശയമുന്നയിച്ചപ്പോൾ ഇ.വി.എം ചലഞ്ചിന് ക്ഷണിച്ചിരുന്നു. ആർക്കും തെളിയിക്കാനായില്ലെന്നും കമ്മിഷൻ പരാതിയിൽ ചൂണ്ടിക്കാട്ടി.