ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കായി കോൺഗ്രസ് സുരക്ഷിതമണ്ഡലം തേടുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞതവണ ശക്തമായ മത്സരമുയർത്തിയ മണ്ഡലത്തിൽ ബി.ജെ.പി കരുത്താർജ്ജിക്കുന്നതായുള്ള വിലയിരുത്തലിലാണ് നീക്കം. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള സാദ്ധ്യതയാണ് കോൺഗ്രസ് തേടുന്നത്. അമേഠിയെ കൂടാതെ മദ്ധ്യപ്രദേശിലെ ചിന്ദ്‌വാഡ, മഹാരാഷ്ട്രയിലെ നന്ദേഡ് എന്നീ മണ്ഡലങ്ങളാണ് പരിഗണനയിൽ. ചിന്ദ്‌വാഡ മുതിർന്ന നേതാവ് കമൽനാഥിന്റെ തട്ടകമാണ്. കമൽനാഥ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായതോടെ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ മണ്ഡലമാണ് നന്ദേഡ. രാഹുൽ ഗാന്ധിക്ക് ഏത് മണ്ഡലത്തിലും മത്സരിക്കാമെന്നും നന്ദേഡ തിരഞ്ഞെടുക്കുകയാണെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും അശോക് ചവാൻ പ്രതികരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ പരമ്പരാഗത കോട്ടകളാണ് അമേഠിയും റായ്ബറേലിയും. 2004ലാണ് രാഹുൽ ആദ്യമായി അമേഠിയിൽ നിന്ന് ലോക്സഭയിലെത്തുന്നത്.മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. ബി.എസ്.പിയായിരുന്നു രണ്ടാമത്. 2009ൽ മൂന്നരലക്ഷം കടന്നു ഭൂരിപക്ഷം. ബി.ജെ.പി മൂന്നാമത് തന്നെ. 2014ൽ സ്മൃതി ഇറാനി കടുത്ത മത്സരം ഉയർത്തിയതോടെ ഭൂരിപക്ഷം 1,07903 ആയി കുറഞ്ഞു. രണ്ടാമതെത്തിയ ബി.ജെ.പിക്ക് 28 ശതമാനം അധികം വോട്ട്. രാഹുലിന് 25 ശതമാനം കുറവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 5ൽ നാലും ബി.ജെ.പി വിജയിച്ചു. ഈ സാഹചര്യം കൂടികണക്കിലെടുത്താണ് നിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷന് സുരക്ഷിത മണ്ഡലം തേടുന്നത്.കേന്ദ്രമന്ത്രിയായ ശേഷവും മണ്ഡലത്തിൽ സജീവമായ സ്മൃതി ഇറാനി രാഹുൽ അമേഠിയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് പലതവണ വിമർശനമുയർത്തി. അടുത്തിടെ വിവിധ പരിപാടികളുമായി രാഹുൽ അമേഠിയിലുണ്ടായിരുന്നു. അതിനിടെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മകൾ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.