cbi-

ന്യൂഡൽഹി: പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെ സി.ബി.ഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം. ടു.ജി കേസ് അന്വേഷിക്കുന്ന വിവേക് പ്രിയദർശി ഉൾപ്പെടെ 20 പേരെയാണ് കഴിഞ്ഞദിവസം ഇടക്കാല ഡയറക്ടർ നാഗേശ്വരറാവു സ്ഥലംമാറ്റിയത്. പ്രിയദർശിയെ ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കാണ് മാറ്റിയത്. തമിഴ്നാട്ടിലെ സ്റ്റർലെറ്റ് വിരുദ്ധ പ്രക്ഷോഭത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ എ.ശരവണനെ മുംബയിലേക്ക് സ്ഥംമാറ്റി. നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുൾപ്പെട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ബ്രാഞ്ചിലേക്കാണ് നിയമനം. സ്റ്റെർലൈറ്റ് അന്വേഷണ ചുമതലയും ശരവണനുണ്ട്.

നാഗേശ്വരറാവുവിനെ ഇടക്കാല ഡയറക്ടറാക്കിയത് ചോദ്യം ചെയ്തുള്ള ഹർജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അന്ന് തന്നെ പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ്ജസ്റ്റിസും ലോക്സഭാ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതി പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ യോഗം ചേരുന്നുമുണ്ട്. ഇതിനിടെയാണ് കൂട്ട സ്ഥലംമാറ്റം.