ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി. ജെ. പിയെയും നരേന്ദ്ര മോദിയെയും നേരിടാൻ നെഹ്‌റു കുടുംബത്തിന്റെ രാഷ്‌ട്രീയ പാരമ്പര്യവും ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവവും ഒത്തിണങ്ങിയ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായി സജീവ രാഷ്‌ട്രീയത്തിലേക്ക്.
പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അദ്ധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധി ഇന്നലെ നിയമിച്ചു. പ്രിയങ്ക ആദ്യമായാണ് പാർട്ടിയുടെ ഔദ്യോഗിക പദവിയിൽ എത്തുന്നത്. ഇപ്പോൾ ന്യൂയോർക്കിലുള്ള പ്രിയങ്ക മടങ്ങിയെത്തിയ ശേഷം ഫെബ്രുവരി ആദ്യവാരം ചുമതലയേൽക്കും. പ്രധാനമന്ത്രി മോദിയുടെ വാരണാസി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂർ എന്നീ മണ്ഡലങ്ങൾ കിഴക്കൻ യു.പിയിൽ
ആണെന്നതു തന്നെ പ്രിയങ്കയുടെ ഭാരിച്ച ഉത്തരവാദിത്വം വ്യക്തമാക്കുന്നു.
സോണിയയുടെയും രാഹുലിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും തന്ത്രങ്ങൾ മെനയുന്ന പാർട്ടി ആസ്ഥാനത്തും 47കാരിയായ പ്രിയങ്ക സജീവമായിരുന്നു.
പ്രിയങ്കയുടെ നിയമനം ഉൾപ്പെടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉന്നമിട്ട് സുപ്രധാനമായ മാറ്റങ്ങളാണ് ഹൈക്കമാൻഡ് സംഘടനാ തലപ്പത്ത് വരുത്തിയത്.
മദ്ധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു. യു.പിയുടെ ചുമതലയുണ്ടായിരുന്ന ഗുലാംനബി ആസാദിന് ഹരിയാനയുടെ ചുമതല നൽകി.
സംഘടനാ ചുമതല വഹിക്കുന്ന ആദ്യ മലയാളി
കർണാടകയുടെ ചുമതലയുള്ള കെ.സി. വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് ഇന്നലത്തെ മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയം. ഈ ഉന്നത പദവിയിൽ എത്തുന്ന ആദ്യത്തെ മലയാളിയാണ് വേണുഗോപാൽ.
സംഘടനാ ചുമതല വഹിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി ആയതോടെയാണ് സ്ഥാനം ഒഴിഞ്ഞത്. കർണാടകത്തിന്റെ ചുമതലയിലും
വേണുഗോപാൽ തുടരും. കർണാടക, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിലെ പ്രവർത്തനത്തിനും രാഹുലിന്റെ വിശ്വസ്തൻ എന്ന നിലയിലുമുള്ള അംഗീകാരമാണിത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ഉൾപ്പെടെ വേണുഗോപാലിന്റെ നിലപാടുകൾ നിർണായകമാകും. 55 കാരനായ വേണുഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. കെ.എസ്.യു.വിലൂടെയാണ് കോൺഗ്രസിൽ സജീവമായത്.
റായ്ബറേലിയിൽ പ്രിയങ്ക?
പ്രിയങ്കയുടെ നിയമന പ്രഖ്യാപനം വന്നതോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഇന്ദിര തിരിച്ചുവന്നു എന്ന പ്ലക്കാർഡുകളേന്തിയായിരുന്നു ചിലരുടെ പ്രകടനം.
റായ്ബറേലിയിൽ സോണിയയ്‌ക്ക് പകരം പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്.
കാത്തിരിക്കുന്നത് വെല്ലുവിളി
തകർന്ന സംഘടനയെയും പ്രവർത്തകരെയും ഉണർത്താൻ പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ. പ്രിയങ്കയ്ക്കുള്ള ദേശീയ പ്രതിച്ഛായയും നേട്ടമാകും. യു. പിയിൽ ബി.എസ്.പിയും എസ്.പിയും സഖ്യമുണ്ടാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. പ്രതിസന്ധി മനസിലാക്കിയാണ് രണ്ടു യുവനേതാക്കൾക്ക് രാഹുൽ സംസ്ഥാനം വിഭജിച്ച് നൽകിയത്. 30 ലോക്‌സഭാ മണ്ഡലങ്ങളാണ് കിഴക്കൻ യു.പിയിലുള്ളത്. മോദി - യോഗി ശക്തിയെയും, മായാവതി, അഖിലേഷ് കൂട്ടുകെട്ടിനെയുമാണ് പ്രിയങ്കയ്‌ക്ക് മറികടക്കേണ്ടത്.