ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെ രാഹുൽ ഗാന്ധി പരാജയമാണെന്ന് കോൺഗ്രസ് പരസ്യമായി സമ്മതിച്ചെന്ന് ബി.ജെ.പി വക്താവ് സംപീത് പാത്ര പറഞ്ഞു. മഹാസഖ്യത്തിൽ നിന്ന് മറ്റു പാർട്ടികൾ കോൺഗ്രസിനെ തിരസ്കരിച്ചപ്പോൾ കുടുംബത്തിൽ തന്നെ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. കുടുംബത്തിൽ നിന്ന് തന്നെ കിരീടധാരണം നടത്തുന്നത് സാധാരണമാണ്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള മറ്റൊരു പരാജയമാകും പ്രിയങ്ക. കോൺഗ്രസിൽ എല്ലാ നിയമനങ്ങളും ഒരു കുടുംബത്തിൽ നിന്നാണ്. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. കോൺഗ്രസിൽ കുടുംബമാണ് പാർട്ടി. ബി.ജെ.പിയിൽ പാർട്ടിയാണ് കുടുംബം- സംപീത് പാത്ര പറഞ്ഞു.
കുടുംബാധിപത്യമുള്ള പാർട്ടിയിൽ ഇത് സാധാരണമാണെന്നും പ്രിയങ്കയ്ക്ക് മുഴുവൻ യു.പിയുടെ ചുമതല നൽകേണ്ടതായിരുന്നെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പരിഹസിച്ചു.