ന്യൂഡൽഹി:ഒറ്റയ്‌ക്ക് മത്സരിക്കാൻ തയാറാണെന്ന പ്രഖ്യാപനമാണ് പ്രിയങ്ക ഗാന്ധിയെ യു.പിയുടെ ചുമതല നൽകി രാഷ്ട്രീയത്തിൽ ഇറക്കിയതിലൂടെ കോൺഗ്രസ് നടത്തിയിരിക്കുന്നത്. യു. പിയിൽ മരണക്കിടക്കയിലുള്ള കോൺഗ്രസിനെ എങ്ങനെയെങ്കിലും രക്ഷിക്കുകയാണ് ലക്ഷ്യം. രണ്ടുമാസത്തേക്കല്ല പ്രിയങ്കയെ നിയമിച്ചതെന്ന് രാഹുൽ പറഞ്ഞത് വ്യക്തമായ സൂചനയാണ്.
പ്രിയങ്കയുടെ വരവോടെ യു.പിയിൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പിക്കും എസ്.പി - ബി.എസ്.പി സഖ്യത്തിനും കടുത്ത മത്സരം നൽകാൻ പ്രിയങ്കയിലൂടെ കോൺഗ്രസിന് കഴിയും.
2009ൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് 21 സീറ്റ് ലഭിച്ചിരുന്നു. 2019ൽ സാഹചര്യം വ്യത്യസ്തമാണെങ്കിലും ഇക്കുറി പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും 2014നെക്കാൾ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. 'ഇന്ദിരയുടെ' പ്രതിഛായ സഹായിക്കുമെന്നും നേതൃത്വം വിശ്വസിക്കുന്നുണ്ട്.
2017ൽ വാദ്രയെ ഓർത്ത് പിൻവാങ്ങി
പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് ആദ്യം തീരുമാനിച്ചത് 2017ൽ. എന്നാൽ നിരവധി ആരോപണങ്ങൾ നേരിടുന്ന ഭർത്താവ് റോബർട്ട് വാദ്രയ്ക്കെതിരെ മോദി സർക്കാർ പ്രതികാര നടപടികളെടുക്കുമോയെന്ന ഭയമാണ് ഔദ്യോഗിക പദവികൾ ഏറ്റെടുക്കാൻ അന്ന് പ്രിയങ്ക മടിച്ചതെന്ന് നേതാക്കൾ പറയുന്നു.
2017 ആഗസ്റ്റിൽ പ്രവർത്തക സമിതി യോഗത്തിനിടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം സോണിയഗാന്ധി മുതിർന്ന നേതാക്കളോട് ആലോചിച്ചു. നേതാക്കളെല്ലാം ഗ്രീൻ സിഗ്നൽ നൽകിയെങ്കിലും പ്രിയങ്ക പിന്മാറുകയായിരുന്നു.
രാജസ്ഥാനിലും ഹരിയാനയിലും ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് വാദ്രയ്ക്കെതിരെ ആരോപണങ്ങളുണ്ട്. ബിക്കാനീർ ഭൂമി ഇടപാട് കേസിൽ ഫെബ്രുവരി 12ന് എൻഫോഴ്സ്‌മെന്റിന് മുന്നിൽ ഹാജരാകാൻ രാജസ്ഥാൻ ഹൈക്കോടതി തിങ്കളാഴ്ചയാണ് വാദ്രയോടും അമ്മയോടും നിർദ്ദേശിച്ചത്. അതേസമയം അറസ്റ്റ് വിലക്കിയിട്ടുണ്ട്.
ദീർഘകാലമായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പിന്നണിയിൽ പ്രിയങ്ക സജീവമായിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യവും ബി.ജെ.പി നവജ്യോത് സിംഗ് സിദ്ദുവിനെ കോൺഗ്രസിൽ എത്തിക്കുന്നതിലും പ്രിയങ്ക ഇടപെട്ടിരുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കളോട് ഉൾപ്പെടെ അടുത്ത ബന്ധവും സൂക്ഷിച്ചിരുന്നു. റായ്ബറേലിയിലും അമേതിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വവും വഹിച്ചു.