രാഹുൽഗാന്ധി തന്റെ ടീമിനെ രൂപീകരിക്കുന്ന വേളയിൽ തന്നെ ആദ്യ ദൗത്യം ഏൽപ്പിച്ചത് കെ.സി വേണുഗോപാലിനെയാണ്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷന്റെ ദൗത്യം. ഗോവയിൽ പാർട്ടി വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം കൈവിട്ടു. 2017ലാണ് വേണുഗോപാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായത്.
കർണാടകയുടെ ചുമതല. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ കൈയും കെട്ടിനിൽക്കാതെ 'ഒരിക്കലും ചേരാത്ത' ജെ.ഡി.എസിനെ കൂട്ടി ഭരണം നിലനിറുത്തുന്നതിൽ നിർണായക ഇടപെടൽ. ഓപ്പറേഷൻ കമല എന്ന പേരിൽ വീണ്ടും ഭരണം പിടിക്കാൻ ബി.ജെ.പി ശ്രമിച്ചപ്പോൾ എം.എൽ.എമാരെ ഒപ്പം നിറുത്തി പ്രതിരോധിച്ചു. അതുകൊണ്ട് തന്നെ കർണാടകയുടെ ചുമതല നിലനിറുത്തിയാണ് സംഘടനാ ചുമതലയും നൽകിയതെന്നത് ശ്രദ്ധേയം. രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ തന്നെ രാഹുൽ കെ.സിയെ അങ്ങോട്ടയച്ചു. മുഖ്യമന്ത്രി പദത്തെ ചൊല്ലി ഗെലോട്ടും പൈലറ്റും തർക്കിച്ചപ്പോൾ നടുവിൽ നിന്ന് രാഹുലിന്റെ നയം നടപ്പാക്കി. ഗെലോട്ടിനെ മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമാക്കി പ്രശ്നപരിഹാരം. തെലുങ്കാനയിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ അടുത്ത ചുമതല. പ്രശ്നങ്ങളൊഴിവാക്കി ഒറ്റരാത്രികൊണ്ട് തീരുമാനം. ഹരിയാനയിലെ ജിന്ദ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയ ചുമതലയും നിർവഹിച്ചു. ലോക്സഭയിലെ കോൺഗ്രിന്റെ ഡെപ്യൂട്ടി ചീഫ്വിപ്പെന്ന നിലയിലുള്ള പ്രകടനവും മുതൽക്കൂട്ടായി. ഒരേ പോലെ സംഘടനാ തലത്തിലും പാർലമെന്റിനകത്തും ചുറുചുറുക്ക് കെ.സി കാണിച്ചു. പാർലമെന്റിൽ കോൺഗ്രസിന്റെ പോരാട്ടം പലപ്പോഴും നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെയാണ് സുപ്രധാന പദവയിൽ കെ.സി എത്തിയത്. ഹിന്ദിഹൃദയ ഭൂമിയിലെ പഴയ തലമുറ നേതാക്കളെയും ഒപ്പം നിറുത്തി ബൂത്ത് തലം മുതൽ പാർട്ടിയെ ഉണർത്തി തിരഞ്ഞെടുപ്പ് നേരിടുക എന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്.