ന്യൂഡൽഹി: നാഗേശ്വരറാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് പിന്നാലെ ജസ്റ്റിസ് എ.കെ സിക്രിയും പിൻമാറി.
ഹർജി ഇന്നലെ പരിഗണനയ്ക്ക് വന്നപ്പോഴാണ് പിൻമാറുന്നതായി സിക്രി അറിയിച്ചത്.
സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയെ സ്ഥാനത്ത് നീക്കിയ ഉന്നതാധികാര സമിതി യോഗത്തിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് സിക്രിയാണ് പങ്കെടുത്തത്.അതേ
യോഗമാണ് നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചതും. ഇപ്പോൾ റാവുവിനെതിരായ ഹർജി താൻ പരിഗണിക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്താണ് സിക്രി പിന്മാറിയതെന്ന് കരുതുന്നു.
എന്നാൽ പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതോടെ ഹർജി അപ്രസക്തമാകുമെന്നും പിൻമാറ്റം നേരത്തെ അറിയിക്കാമായിരുന്നെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ അവസ്ഥ മനസിലാക്കണമെന്നും ഹർജി വെള്ളിയാഴ്ച തന്നെ മറ്റൊരു ബെഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്നും സിക്രി പറഞ്ഞു
സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതി അംഗമായതിനാലാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് നേരത്തെ പിൻമാറിയത്.