priyanka-gandhi

ന്യൂഡൽഹി:പ്രിയങ്ക ഗാന്ധിയെ ഉൾപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ എ.ഐ.സി.സി പുനഃസംഘടന കരുത്തുറ്റ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ അർത്ഥത്തിലും രാഹുൽ ഗാന്ധിയുടെ മാസ്റ്റർ സ്ട്രോക്കാണിത്. പ്രിയങ്കയുടെ നിയമനം രാഹുലിന്റെ തീരുമാനമായിരുന്നു. പ്രിയങ്കയുടെ വരവ് ഉത്തർപ്രദേശിന് പുറമെ രാജ്യത്തുടനീളം കോൺഗ്രസിന് ഊർജ്ജം പകരും. ആർ.എസ്.എസും ബി.ജെ.പിയും തകർത്ത ഇന്ത്യയുടെ സമാധാനവും മതേതരത്വവും പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് പാർട്ടിയെ അടുപ്പിക്കാൻ പുനഃസംഘടന ഗുണം ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാൽ എന്നിവരെയും ഉൾപ്പെടുത്തിയുള്ള പുനഃസംഘടന പാർട്ടിക്കും അണികൾക്കും ആവേശം നൽകും. മോദി ഭരണത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന വിമർശനം ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കേൾക്കുന്നതാണെന്നും അത് ജനം തള്ളിക്കളഞ്ഞതാണെന്നും ആന്റണി പറഞ്ഞു.

ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോദി ഭരണം ഇന്ത്യയെ ഇന്ത്യയല്ലാതാക്കി മാറ്റി. ബി.ജെ.പി രാജ്യത്ത് വർഗീയ വിദ്വേഷം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യവും നശിച്ചു. ലോകത്തിന് മാതൃകയായ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടാകുന്നത്. ഭരണഘടനാസ്ഥാപനങ്ങൾക്ക് നേരെ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങൾ നടത്തുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർദ്ധിച്ചു. സമ്പത്തെല്ലാം ചുരുക്കം ചില കോർപറേറ്റുകളുടെ കൈകളിൽ മാത്രം കുമിഞ്ഞുകൂടുന്നു. തൊഴിലില്ലായ്മ പെരുകി. കർഷക ദുരിതങ്ങൾക്ക് പരിഹാരമില്ല. പട്ടികജാതി പട്ടിക വർഗ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചെന്നും ആന്റണി പറഞ്ഞു.