ന്യൂഡൽഹി:വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് വൻ നേട്ടമുണ്ടാകുമെന്ന് റിപ്പബ്ലിക് ടി വി സീ - വോട്ടർ സർവേ പ്രവചിക്കുന്നു. എൽ.ഡി.എഫിന് നാലും യു.ഡി.എഫിന് 16 ഉം സീറ്റുകളാണ് പറയുന്നത്.
ശബരിമല പ്രശ്നം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിച്ച ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്നും സർവേ പറയുന്നു.
ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിവിധ സർവേ ഫലങ്ങൾ.
2014ൽ 80ൽ 73 സീറ്റ് ലഭിച്ച എൻ.ഡി.എ 25 സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് എ.ബി.പി സീ - വോട്ടർ സർവേഫലം. ബി.എസ്.പി - എസ്.പി - ആർ.എൽ.ഡി സഖ്യം 51 സീറ്റ് നേടും. കോൺഗ്രസിന് അമേതിയും റായ്ബറേലിയും കൂടാതെ രണ്ടു സീറ്റ് കൂടി കിട്ടുമെന്നും പ്രവചനമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിന് മുൻപാണ് സർവേ നടത്തിയത്.
ഇന്ത്യാ ടുഡേ സർവേയും എൻ.ഡി.എ തകർന്നടിയുമെന്ന് പ്രവചിച്ചിട്ടുണ്ട്. എൻ.ഡി.എ 18 സീറ്റിലൊതുങ്ങുമെന്നാണ് അവരുടെ ഫലം. അതേസമയം ബീഹാറിൽ 40ൽ 35 സീറ്റും ഗുജറാത്തിൽ 26ൽ 24 സീറ്റും എൻ.ഡി.എ നേടുമെന്നാണ് പ്രവചനം. പശ്ചിമബംഗാളിൽ രണ്ടു സീറ്റുള്ള സി.പി.എം സംപൂജ്യരാകുമെന്നും മമത 34 സീറ്റ് നേടുമെന്നുമാണ് പ്രവചനം. യു.പി.എ 1, ബി.ജെ.പി 7 സീറ്റുകൾ നേടും.