ന്യൂഡൽഹി :കേരളത്തിലെ പ്രളയത്തിൽപ്പെട്ട കൈകുഞ്ഞിനെ ഉൾപ്പെടെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാൻഡോ വിംഗ് കമാൻഡർ പ്രശാന്ത് നായർക്ക് ധീരതയ്ക്കുള്ള വായുസേനാമെഡൽ ലഭിച്ചു. കോളേജ് ഹോസ്റ്റലിന് മുകളിൽ കുടുങ്ങിയ 13 വിദ്യാർത്ഥിനികളെ ചെറിയ ടെറസിൽ ഹെലികോപ്ടർ ഇറക്കി രക്ഷപ്പെടുത്തിയത് പ്രശാന്ത് നായരുടെ നേതൃത്വത്തിലായിരുന്നു. നാലു കുഞ്ഞുങ്ങളെയും 102 വയസായ സ്ത്രീയെയും ഉൾപ്പെടെ 112 പേരെയാണ് അദ്ദേഹത്തിന്റെ സംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
രണ്ടു ഗർഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ച ചേതക് ഹെലികോപ്റ്റർ പറപ്പിച്ച കമാൻഡർ വിജയ് വർമ്മയ്‌ക്കു ധീരതയ്‌ക്കുള്ള നവ് സേനാ മെഡൽ ലഭിച്ചു. പള്ളിയുടെ ടെറസിൽ അഭയം തേടിയ പൂർണഗർഭിണിയായ സാജിദയെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത് കമാൻഡർ വിജയ് വർമ്മയുടെ നേതൃത്വത്തിലായിരുന്നു. സാജിദ ഉൾപ്പെടെ 24 പേരെയാണ് വിജയ് വർമ്മയുടെ നേതൃത്വത്തിൽ എയർലിഫ്റ്റ് ചെയ്തത്.
കമാൻഡർമാരായ ടി.അനൂപ് കുമാർ,ആർ.ഹരിഗോവിന്ദ്, ലെഫ്. കമാൻഡർ മനുമിശ്ര, ഡ്രൈവർ എൻ.എ അമിത്, സി.പി.ഒ പ്രമേന്ദ്രകുമാർ, ലെഫ്.കമാൻഡർ ശ്രീരിഷ് ശിവ്നാഥ് പാവ്‌ലെ എന്നീ നേവി ഉദ്യോഗസ്ഥർക്കും പ്രളയരക്ഷാപ്രവർത്തനത്തിന് ധീരതയ്ക്കുള്ള മെഡൽ ലഭിച്ചിട്ടുണ്ട്..
ഓഖി ദുരന്തസമയത്ത് കടലിൽ പെട്ട പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച സെർജന്റ് അമിത്കുമാർ ഝായ്‌ക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുണ്ട്.