ന്യൂഡൽഹി: മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം.
ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്‌മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പുരസ്‌കാരം നല്‍കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു..
നടൻ മോഹൻലാലിനും ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പിനാരായണനും പത്മഭൂഷൺ പുരസ്കാരം.
ശിവഗിരിമഠത്തിലെ സ്വാമി വിശുദ്ധാനന്ദ, ഗായകൻ കെ.ജി ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് , കാൻസർ രോഗ വിദഗ്ദ്ധൻ മാമൻ ചാണ്ടി എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷം നാലുപേർക്ക് പത്മവിഭൂഷണും 14 പേർക്ക് പത്മഭൂഷണും 94 പേർക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.
പ്രമുഖമാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായിൽ ഉമർ ഗുല്ലയ്ക്ക് പത്മവിഭൂഷണും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം ഗൗതംഗംഭീർ , ഫുട്ബോൾ താരം സുനിൽ ഛേത്രി , നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ , ഡ്രമ്മർ ശിവമണി, മനോജ് വാജ്പേയി (ബോളിവുഡ് നടൻ), ജ്യോതി ബട്ട് (ചിത്രകാരൻ), ഹരിക ദ്രോണവല്ലി (ചെസ്), , ബജ്റംഗ് പുനിയ ( റെസ്‌ലർ), പ്രശാന്തി സിംഗ് ( ബാസ്ക്കറ്റ് ബാൾ), എന്നിവർക്ക് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
ബിഹാറിൽ നിന്നുള്ള ബി.ജെ.പി എം.പി ഹുക്കുംദേവ് നാരായൺ യാദവ് , മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും ജാർഖണ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവുമായ കരിയമുണ്ട എന്നിവർക്ക് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതമേത്തയ്ക്കും ആംആദ്മി പാർട്ടി മുൻനേതാവും 1984ലെ സിക്ക് വിരുദ്ധ കലാപകേസിലെ ഇരകൾക്ക് വേണ്ടി നിയമപോരാട്ടം നയിക്കുന്ന അഭിഭാഷകനുമായ ഹർവിന്ദർ സിംഗ് ഫൂൽക്ക, മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
ടീജൻ ഭായ് ( കല), അനിൽകുമാർ മണിഭായ് നായിക് (ലാർസൻ ആൻഡ് ടുബ്രോ ചെയർമാൻ ), ബൽവന്ദ് മോരോശ്വർ പുരന്തരെ (കല, അഭിനയം ,നാടകം -മഹാരാഷ്ട്ര ) എന്നിവരാണ് പത്മവിഭൂഷൺ ലഭിച്ച മറ്റുള്ളവർ.
ജോൺ ചേംബേഴ്സ് (വ്യവസായി,അമേരിക്ക)സുഖ്ദേവ് സിംഗ് ധിൻസ (പഞ്ചാബ്), പ്രവീൺ ഗോർദ്ദൻ ( ദക്ഷിണാഫ്രിക്ക), മഹാശയ് ധരംപാൽ ഗുലാത്തി (വ്യവസായം), ദർശൻലാൽ ജയിൻ (സാമൂഹ്യസേവനം ), അശോക് ലക്ഷ്മൺ റാവു കുക്കാഡെ (ആരോഗ്യം), ബുധാദിത്യ മുഖർജി ( സംഗീതം,സിത്താർ), ബചേന്ദ്രിപാൽ (പർവതാരോഹണം- സ്പോർട്സ്), വി.കെ ശുങ്ക്ലു ( സിവിൽ സർവീസ്) എന്നിവർക്കുമാണ് പത്മഭൂഷൺ :