ന്യൂഡൽഹി: ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയും ഇംഗ്ലീഷ് എഴുത്തുകാരിയുമായ ഗീതമേത്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. പൊതുതിരഞ്ഞെടുപ്പ് അടുക്കവെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണക്കിടയാക്കുമെന്നാണ് ഗീത പറയുന്നത്.
കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാരിനും തനിക്കും ബുദ്ധിമുട്ടാകുമെന്നും ഗീതമേത്ത ന്യൂയോർക്കിൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഗീതമേത്തയും ഭർത്താവും പ്രശസ്ത പ്രസാധകനുമായ സോണിമേത്തയും അടുത്തിടെ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. മോദിയുടെ ജീവചരിത്രം ഗീത രചിക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
ഒറീസയിൽ ബിജു ജനതാദളിന്റെ സർക്കാരിനെ ബി.ജെ. പി വിമർശിക്കുന്നുണ്ടെങ്കിലും ഇരുപാർട്ടികളും തമ്മിൽ രഹസ്യബന്ധമുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.