റെയ്ഡ് ചോർത്തിയതിൽ അന്വേഷണമെന്ന് സി. ബി.ഐ
മാറ്റം ജെയ്റ്റ്‌ലിയുടെ വിമർശനത്തിന് പിന്നാലെ
ന്യൂഡൽഹി: വീഡിയോ കോണിന് വഴിവിട്ട രീതിയിൽ 3250 കോടി രൂപ വായ്പ അനുവദിച്ച കേസിൽ ഐ.സി. ഐ.സി. ഐ ബാങ്കിന്റ മുൻ സി. ഇ. ഒ ചന്ദ കൊച്ചാറിനെ പ്രതിയാക്കിയ സി. ബി. ഐ ഓഫീസർക്ക് സ്ഥലം മാറ്റം. ബാങ്ക് സെക്യൂരിറ്റീസ് ആൻഡ് ഫ്രോഡ് സെൽ ഡൽഹി യൂണിറ്റ് എസ്.പി സുധാൻ ഷുധർ മിശ്രയെയാണ് റാഞ്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യൂണിറ്റിലേക്ക് മാറ്റിയത്.
അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, സി.ബി.ഐ കാട്ടിയത് അന്വേഷണാത്മക സാഹസമാണെന്ന് പ്രതികരിച്ചതിനു പിന്നാലെ നടത്തിയ സ്ഥലംമാറ്റം വിവാദമായി.
എന്നാൽ, വീഡിയോ കോണിലെ റെയ്ഡ് വിവരങ്ങൾ ചോർത്തിയതുസംബന്ധിച്ച് മിശ്രയ്ക്കും മറ്റുചിലർക്കുമെതിരെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റമെന്ന് സി. ബി. ഐ വിശദീകരിക്കുന്നു. ജനുവരി 22ന് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽക റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, കാര്യമായ രേഖകൾ ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല.ഇതോടെയാണ് റെയ്ഡ് വിവരം ചോർന്നെന്ന സംശയം ഉയർന്നത്. മിശ്രയെ മാറ്റിയശേഷം എസ്. പി. മോഹൻ ഗുപ്തയുടെ നേതൃത്വത്തിൽ വീണ്ടും റെയ്ഡ് നടത്തുകയും ചെയ്തു.
ചന്ദകൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് തുടങ്ങിയവർക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വീഡിയോകോൺ ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ ന്യൂ പവർ റിന്യൂവബിൾസ് കമ്പനി ഓഫീസിലും മുംബയ് നരിമാൻ പോയിന്റിലുള്ള സുപ്രീം പവർ എനർജി പോയിന്റിലുമാണ് റെയ്ഡ് നടത്തിയത്.
വായ്പ
2012ൽ ബാങ്കുകളുടെ കൺസോർഷ്യം വൻതുക വീഡിയോ കോണിന് വായ്പ നൽകിയിരുന്നു. ഇതിൽ 3250 കോടി ഐ.സി.ഐ.സി. ഐ ബാങ്കിൽ നിന്നായിരുന്നു.ഇത് കിട്ടാക്കടമായി മാറി. സ്വന്തം സാമ്പത്തിക നേട്ടത്തിനായി പരിധിയിൽ കവിഞ്ഞ തുക വഴിവിട്ട് അനുവദിച്ചുവെന്നാണ് ചന്ദ കൊച്ചാറിനെതിരായ ആരാേപണം.വിവാദമായതോടെ ചന്ദകൊച്ചാർ രാജിവച്ചിരുന്നു.
സി.ബി.ഐ കണ്ടെത്തിയ ഒത്തുകളി
2008 ഡിസംബറിൽ ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂതും ചേർന്ന് ന്യൂ പവർ റിന്യൂവബിൾസ് എന്ന പേരിൽ പാരമ്പര്യേതര ഊർജ കമ്പനി രൂപീകരിച്ചു.
2012ൽ 3,250 കോടി രൂപയുടെ വായ്പ ഐ.സി.ഐ.സി.ഐ ബാങ്ക് അനുവദിച്ചു.
ഈ ഇടപാട് നടന്ന് ആറു മാസം കഴിഞ്ഞപ്പോൾ ദീപക് കൊച്ചാർ ന്യൂ പവർ റിന്യൂവബിൾസിന്റെ ഭൂരിപക്ഷ ഓഹരികളുടെയും ഉടമയായി. ഈ സ്ഥാപനത്തിലേക്ക് മൗറീഷ്യസിൽ നിന്ന് 325 കോടി നിക്ഷേപമായി വന്നതും വിവാദമായിരുന്നു.
ജയ്റ്റ്ലിയുടെ വിമർശനം
അന്വേഷണാത്മക സാഹസവും വിദഗ്ധ അന്വേഷണവും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ഇന്ത്യയിൽ പല കേസുകളും കോടതിയിൽ പരാജയപ്പെടുന്നത് അന്വേഷണം പ്രൊഫഷണൽ രീതിയിൽ മികവ് ആർജ്ജിക്കാത്തതു കൊണ്ടാണ്.