sc

ന്യൂഡൽഹി: ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അസൗകര്യത്തെ തുടർന്ന് അയോദ്ധ്യ കേസ് നാളെ പരിഗണിക്കില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജനുവരി 29 മുതൽ ഹർജികളിൽ വാദം കേൾക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരാണ് ബെഞ്ചിലുള്ളത്. യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന് വേണ്ടി അയോദ്ധ്യയുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനായിരിക്കെ ഹാജരായതിനാൽ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് യു.യു ലളിത് പിൻമാറിയതോടെ ബെഞ്ച് പുനഃസംഘടിപ്പിച്ച് ചൊവ്വാഴ്ച ഹർജി പരിഗണിക്കാൻ ചീഫ്ജസ്റ്റിസ് തീരുമാനിച്ചത്.

ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

24 മണിക്കൂറിനുള്ളിൽ പരിഹരിക്കാമെന്ന് യോഗി

..................................................

സുപ്രീംകോടതിക്ക് കഴിയുന്നില്ലെങ്കിൽ അയോദ്ധ്യ പ്രശ്നം 24 മണിക്കൂറിനുള്ളിൽ തങ്ങൾ പരിഹരിക്കാമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കോടതി ഉടൻ വിധി പ്രഖ്യാപിലാക്കണം. കഴിയുന്നില്ലെങ്കിൽ പ്രശ്‌നം കോടതി തങ്ങൾക്ക് കൈമാറണം. 24 മണിക്കൂറിനുള്ളിൽ പരിഹരിക്കും. വിധി നീണ്ടുപോകുന്നത് ജനങ്ങളുടെ ക്ഷമയും വിശ്വാസവും അപകടത്തിലാക്കുകയാണ്. കഴിഞ്ഞദിവസം സ്വകാര്യചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

കോടതിയുടെ പരിഗണനയിലായതിനാൽ വിഷയം പാർലമെന്റിന് ചർച്ച ചെയ്യാൻ കഴിയില്ലെന്നും യോഗി കൂട്ടിച്ചേർത്തു.