republic

ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക കരുത്തും വൈവിദ്ധ്യവും വനിതാ ശക്തിയും വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്. രാജ്പഥിൽ നടന്ന പരേഡിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസെ മുഖ്യാതിഥിയായി. ചരിത്രത്തിൽ ആദ്യമായി പരേഡ് നയിച്ചത് വനിതയായിരുന്നു. ആർമി കോർപ് വിഭാഗത്തെ നയിച്ച് ലെഫ്റ്റനന്റ് ഭാവന കസ്തൂരിയാണ് ചരിത്രത്തിലിടം നേടിയത്. മേജർ ഖുശ്ബു കൻവാറിന്റെ നേതൃത്വത്തിൽ അസം റൈഫിൾസിന്റെ വനിതാ ബറ്റാലിയനും ആദ്യമായി പരേഡിൽ പങ്കെടുത്തു. നാവിക സേനയെ നയിച്ച് കണ്ണൂർ സ്വദേശി അംബിക സുധാകരനും വ്യോമസേനയെ നയിച്ച നാല് ഫ്ലൈയിംഗ് ഓഫീസർമാരിലൊരാളായ കൊല്ലം സ്വദേശി രാഖി രാമചന്ദ്രനും കേരളത്തിന് അഭിമാനമായി.

33 പുരുഷന്മാർ അടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള മോട്ടോർ സൈക്കിൾ സ്റ്റണ്ട് ടീമിന് നേതൃത്വം നൽകി ക്യാപ്ടൻ ശിഖ സുരഭിയും വനിതാ ശക്തി പ്രകടമാക്കി.

അമേരിക്കയിൽ നിന്ന് അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ എം 777 എടു ഹൊവിസ്റ്റർ പീരങ്കി ഉൾപ്പെടെ രാജ്യത്തിന്റെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു പ്രദർശനം. സൈനിക വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. വിവിധ സംസ്ഥാനങ്ങളുടേതുൾപ്പടെയുള്ള 22 നിശ്ചല ദൃശ്യങ്ങളിൽ സിക്കിം ഒന്നാമതെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.