ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ രണ്ടു ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും ഡൽഹി സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ലാലുവിനും ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനുമാണ് ജാമ്യം. കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് റാഞ്ചി ജയിലിലായതിനാൽ ലാലുവിന് പുറത്തിറങ്ങാനാവില്ല.
മുൻ റെയിൽവേ ഉദ്യോഗസ്ഥരും സ്വകാര്യഹോട്ടൽ നടത്തിപ്പുകാരും പ്രതികളാണ്.
റെയിൽവേ മന്ത്രിയായിരുന്ന 2004 -09 കാലഘട്ടത്തിൽ റാഞ്ചിയിലെയും പുരിയിലെയും റെയിൽവേ ഹോട്ടലുകൾ നടത്തിപ്പിന് കൈമാറിയ കേസിൽ ലാലുവിന്റെയും ബന്ധപ്പെട്ടവരുടെയും വീടുകളിലും മറ്റും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.