ന്യൂഡൽഹി:എയർസെൽ മാക്സിസ് അഴിമതി കേസിൽ പ്രതികളായ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെയും മകൻ കാർത്തിചിദംബരത്തിന്റെയും ഇടക്കാല ജാമ്യം ഡൽഹി സി.ബി.ഐ കോടതി നീട്ടി. ഫെബ്രുവരി 18 വരെയാണ് ഇരുവരുടെയും അറസ്റ്റ് തടഞ്ഞ് സി.ബി.ഐ സ്പെഷൽ ജഡ്ജി ജാമ്യം നീട്ടിയത്.
അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പി.ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം കേസിൽ കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനുള്ള തീയതി അറിയിക്കാൻ സുപ്രീംകോടതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. വിദേശത്തുപോകാൻ അനുമതി ആവശ്യപ്പെട്ട് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് കോടതി ഇ.ഡിയോട് തീയതി ആരാഞ്ഞത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ടെന്നീസ് ടൂർണമെന്റിനായി യു.കെ, സ്പെയിൻ, ജർമ്മനി, ഫ്രാൻസ് രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി തേടിയാണ് കാർത്തി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും സഹകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കാർത്തിയെന്നും വിദേശയാത്ര തടയണമെന്നും ഇ.ഡി നിലപാടെടുത്തു. അന്വേഷണം വൈകുന്നത് കാർത്തിയുടെ ഇടക്കിടെയുള്ള വിദേശയാത്രമൂലമാണെന്നും വ്യക്തമാക്കി. തുടർന്നാണ് ചോദ്യം ചെയ്യാനുള്ള തീയതി അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.