ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ 'അസതോമാ സദ്ഗമയ' നിർബന്ധിത പ്രഭാത പ്രാർത്ഥനാ ഗാനമാക്കുന്നതിന് എതിരായ ഹർജി സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടു. ഭരണഘടനാബെഞ്ച് പരിശോധിക്കേണ്ട വിഷയമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ്മാരായ രോഹിന്റൺ നരിമാൻ, വിനീത് സരൺ എന്നിവരുടെ നടപടി.

ബൃഹദാരണ്യക ഉപനിഷത്തിലെ 'അസതോമാ... സദ്ഗമയ' എന്ന സംസ്കൃതശ്ലോകവും ഹിന്ദിയിലുള്ള ഹൈന്ദവ പ്രാർത്ഥനയും നിർബന്ധമാക്കിയത് ചോദ്യം ചെയ്ത് മദ്ധ്യപ്രദേശ് സ്വദേശിയായ അഭിഭാഷകൻ വിനായക് ഷാ ആണ് കഴിഞ്ഞ വർഷം ഹർജി നൽകിയത്. കേന്ദ്രീയ വിദ്യാലയങ്ങളുടെ പുതുക്കിയ വിദ്യാഭ്യാസ ചട്ടത്തിലാണ് ഒറ്റ പ്രാർത്ഥനാഗാനം നിർബന്ധമാക്കിക്കൊണ്ട്,​ കണ്ണടച്ച് തൊഴുകൈയോടെ ഇതു ചൊല്ലണമെന്ന് വ്യക്തമാക്കുന്നത്.

പൂർണമായും മതപരമായ നിർദ്ദേശമാണ് ഇതെന്നും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലുമൊരു മതത്തിന്റെ പ്രാർത്ഥന നിർബന്ധമാക്കാനാകില്ലെന്നും ഹ‌‌ർജിക്കാൻ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങൾ നൽകുന്നതും ആചാരങ്ങൾ, ആരാധനാക്രമങ്ങൾ,പൂജകൾ തുടങ്ങിയവ പഠിപ്പിക്കുന്നതും ഭരണഘടനയിലെ ആർട്ടിക്കിൾ 28 (1) വിലക്കുന്നുണ്ട്. ദൈവം, മതവിശ്വാസം തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഇല്ലാതാക്കുമെന്നും ഹർജിയിൽ പറയുന്നു.