ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഈ വർഷത്തെ മലയാള വിവർത്തന പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്. ശ്രീമദ് വാത്മീകി രാമായണം എന്ന പേരിൽ വാത്മീകി രാമായണം സംസ്‌കൃതത്തിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
മലയാളം ഉൾപ്പടെ 24 ഭാഷകളിൽ നിന്നുള്ള കൃതികൾക്കാണ് ഈ വർഷം വിവർത്തന പുരസ്‌കാരം ലഭിച്ചത്.തകഴിയുടെ ചെമ്മീൻ രാജസ്ഥാനി ഭാഷയിലേക്കു വിവർത്തനം ചെയ്ത മനോജ് കുമാർ സ്വാമി പുരസ്കാരത്തിന് അർഹനായി. ഉത്തരേന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് നാവ് ഔർ ജാൽ എന്ന പേരിൽ മനോജ് കുമാര്‍ സ്വാമിയുടെ വിവര്‍ത്തനം. ഒ.എൻ.വി കുറുപ്പിന്റെ 'ഈ പുരാതന കിന്നരം' നേപ്പാളി ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ മോണിക്ക മുഖിയ, ജി.ആർ. ഇന്ദുഗോപന്റെ 'മണിയൻപള്ളയുടെ ആത്മകഥ' തമിഴിലേക്ക് മൊഴിമാറ്റിയ കൊളച്ചൽ മുഹമ്മദ് യൂസഫ് എന്നിവർക്കും പുരസ്‌കാരത്തിന് അർഹരായി.
സാഹിത്യ അക്കാഡമി അധ്യക്ഷൻ ചന്ദ്രശേഖര കമ്പാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്. മലയാള ഭാഷയിലെ ജേതാവിനെ കെ. ജയകുമാർ, ഡോ. കെ മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങുന്ന സിമിതി തിരഞ്ഞെടുത്തു.