george

ന്യൂഡൽഹി: തീപ്പൊരി ട്രേഡ്‌ യൂണിയൻ നേതാവും ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥയ്‌ക്കും എതിരെ നിർഭയനായി പോരാടിയ സോഷ്യലിസ്റ്റും രണ്ടാം പൊഖ്റാൻ ആണവപരീക്ഷണവും കാർഗിൽ യുദ്ധവും നയിച്ച മുൻ പ്രതിരോധമന്ത്രിയുമായ ജോർജ് ഫെർണാണ്ടസ് (88)​ അന്തരിച്ചു.

അൽഷിമേഴ്സും പാർക്കിൻസൺസ് രോഗവും ബാധിച്ച് ഏറെ നാളായി അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഡൽഹി പഞ്ചശീൽപാർക്കിലെ വസതിയിലായിരുന്നു. ഇന്നലെ രാവിലെ 6.42നാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കയിലുള്ള മകൻ ഷോൺ ഫെർണാണ്ടസ് എത്തിയശേഷം സംസ്‌കാരം തീരുമാനിക്കും.

തൊഴിലാളി നേതാവായി തുടങ്ങി റാംമനോഹർ ലോഹ്യയിൽ ആകൃഷ്ടനായി സോഷ്യലിസ്റ്റായി, മൊറാർജി ദേശായി, വി.പി. സിംഗ്, വാജ്പേയി മന്ത്രിസഭകളിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി തിളങ്ങുകയും വിവാദങ്ങളിൽ മങ്ങുകയും ഒടുവിൽ മറവിരോഗത്തിന്റെ പിടിയിലമരുകയും ചെയ്ത രാഷ്ട്രീയ ജീവിതമായിരുന്നു ജോർജ് ഫെർണാണ്ടസിന്റേത്. തെക്കേ ഇന്ത്യയിൽ നിന്ന് വന്ന് ഹിന്ദിഭൂമികയിൽ വെന്നിക്കൊടി പാറിച്ച അപൂർവം ന്യൂനപക്ഷ നേതാക്കളിലൊരാൾ. സ്വന്തമായി സമതാപാർട്ടി സ്ഥാപിച്ചു. ജനതാദൾ യുണൈറ്റഡിൽ ലയിച്ചു. എൻ.ഡി.എ സഖ്യത്തിന്റെ കൺവീനറായും ദേശീയ രാഷ്ട്രീയത്തിൽ ശക്തനായി.

1930 ജൂൺ മൂന്നിന് കർണാടകയിലെ മംഗലാപുരത്ത് ക്രിസ്ത്യൻ കുടുംബത്തിൽ ജനനം. വൈദികനാകാൻ 19-ാം വയസിൽ കത്തോലിക്ക പുരോഹിതനാകാനുള്ള പഠനത്തിനായി വീട്ടുകാർ മുംബയിലേക്ക് അയച്ചു. അവിടെ അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്‌യൂണിയൻ ജീവിതം തുടങ്ങി. തുറമുഖത്തൊഴിലാളികളുടെ അനിഷേദ്ധ്യ നേതാവായിരുന്ന പ്ലാസിഡ് ഡിമെല്ലോയും സോഷ്യലിസ്റ്റ് ആചാര്യൻ റാം മനോഹർ ലോഹ്യയും ആരാധനാ മൂർത്തികൾ. മുംബയ് മുനിസിപ്പൽ കൗൺസിലറായി. 1967 ലെ പൊതുതിരഞ്ഞെടുപ്പിൽ ബോംബെ സൗത്തിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ കോൺഗ്രസിലെ കരുത്തൻ എസ്.കെ. പാട്ടീലിനെ അട്ടിമറിച്ച് 'ജയന്റ് കില്ലർ' ആയി. അക്കാലത്ത് രാജ്യത്താകെ അലയടിച്ച കോൺഗ്രസ് വിരുദ്ധ രാഷ്‌ട്രീയത്തിൽ ജോർജ് പെർണാണ്ടസ് കരുത്തനായി. 1974ൽ ആൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം സംഘടിപ്പിച്ച ദേശീയസമരം ഇന്ത്യ ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ റെയിൽവേ സമരമാണ്.