ഭൂമി രാമജന്മഭൂമി ന്യാസിനു കൈമാറാനെന്ന് വിമർശനം
ന്യൂഡൽഹി: അയോദ്ധ്യയിൽ തർക്കഭൂമിക്കു പുറത്ത്, 1993- ൽ ഏറ്റെടുത്തതിൽ അധിക ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയിൽ. ബാബ്റി മസ്ജിദ് - രാമജന്മഭൂമി തർക്കസ്ഥലത്തേക്ക് ആവശ്യത്തിന് പ്രവേശനമൊരുക്കി, ബാക്കി വന്ന ഭൂമി തിരികെ നൽകണമെന്നാണ് ആവശ്യം.
അന്ന് ഏറ്റെടുത്തതിൽ 42 ഏക്കറോളം ഭൂമി തങ്ങളുടേതാണെന്നും, ആ ഭൂമി തിരികെ വേണമെന്നും ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. അതേസമയം, പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അയോധ്യാ വിഷയം സജീവമാക്കി, രാമക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി ന്യാസിന് ഭൂമി കൈമാറാനാണ് കേന്ദ്ര നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സാമുദായിക ഐക്യം ഉറപ്പുവരുത്താൻ കൂടി ലക്ഷ്യമിട്ടാണ് 1993-ൽ അയോദ്ധ്യയിലെ പ്രത്യേക പ്രദേശം ഏറ്റെടുക്കൽ നിയമത്തിലൂടെ കേന്ദ്ര സർക്കാർ 67.70 ഏക്കർ ഭൂമി ഏറ്റെടുത്തത്. തർക്ക പ്രദേശവും ഏറ്റെടുത്ത ഭൂമിയും പര്സപരം ബന്ധപ്പെട്ടു കിടക്കുന്നവയാണെന്നും ഏറ്റെടുത്ത ഭൂമിയുടെ ഭാവി ഉപയോഗം തർക്കഭൂമി സംബന്ധിച്ച വിധിയെ ആശ്രയിച്ചിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.
എന്നാൽ ഭൂമി ഏറ്റെടുത്തത് ശരിവച്ച 2002ലെ ഇസ്മായിൽ ഫാറൂഖി കേസിലെ സുപ്രീംകോടതി വിധി, അധികഭൂമി തിരിച്ചുനൽകാനും അധികാരം നൽകുന്നുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് തൽസ്ഥിതി തുടരാനുള്ള വിധിയിൽ മാറ്റം വരുത്തി അധിക ഭൂമി ഉടമകൾക്കു തിരികെ നൽകാൻ അവസരമൊരുക്കണം. ഈ ഭുമിയിൽ ശിലാപൂജയോ, ഭൂമി പൂജയോ ഉൾപ്പെടെ മതപരമായ ഒരു പ്രവർത്തനവും പാടില്ലെന്ന സുപ്രീംകോടതി വിധിയിലും മാറ്റം വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
തർക്കഭൂമി സുന്നി വഖഫ് ബോർഡിനും രാംലല്ലയ്ക്കും നിർമോഹി അഖാരയ്ക്കും തുല്യമായി വിഭജിച്ചു നൽകിയ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനായി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടുത്തിടെ അഞ്ചംഗ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതിനിടെയാണ് ഭൂമി തിരികെ നൽകാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.