ന്യൂഡൽഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം, നിലവിലുള്ള കേസിലെ മുഴുവൻ കക്ഷികളുടെയും വാദം കേട്ടതിനു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലാക്കണമെന്ന സർക്കാർ ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന മുൻ നിലപാടിൽ തിരുവിതാംകൂർ രാജകുടുംബം ഉറച്ചുനിന്നു.
ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് ഇന്നലെ അന്തിമവാദം ആരംഭിച്ചത്. പൊതുക്ഷേത്രമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിൽ വിഗ്രഹത്തിനും, ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിനുമാണ് അവകാശമെന്ന് രാജകുടുംബം വ്യക്തമാക്കി. ദേവസ്വം ബോർഡ് രൂപീകരിച്ചപ്പോഴും ക്ഷേത്ര ഭരണം രാജാവിൽത്തന്നെ നിലനിറുത്തിയിരുന്നു. തിരുവിതാംകൂർ നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ തയ്യാറാക്കിയ കവനന്റിലും ക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള അഭേദ്യബന്ധം എടുത്തുപറഞ്ഞിട്ടുണ്ട്. പദ്മനാഭദാസനെന്ന സ്ഥാനമാണ് രാജാക്കന്മാർ വഹിച്ചിരുന്നത്. പ്രിവിപഴ്സ് നിറുത്തലാക്കിയതോടെ രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അവകാശം പൂർണമായും നഷ്ടമായെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ പറഞ്ഞു.
ക്ഷേത്രഭരണം തിരുവിതാംകൂർ രാജവംശത്തിലെ അനന്തരാവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും ഭരണം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമാണ് 2011ൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം ക്ഷേത്രഭരണത്തിന് ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്ന നിലപാട് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അമിക്കസ് ക്യൂറിയായിരുന്ന മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുന്നതായി കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ അമിക്കസ് ക്യൂറിയായി പുതുതായി ആരെയെങ്കിലും നിയമിക്കുന്നത് പരിശോധിക്കാമെന്നും ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.