ന്യൂഡൽഹി: എയർസെൽ മാക്സിസ് അഴിമതി കേസിൽ പ്രതിയായ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് പത്തു കോടി കെട്ടിവയ്ക്കണമെന്ന ഉപാധിയോടെ സുപ്രീംകോടതി വിദേശയാത്രയ്ക്ക് അനുമതി നൽകി. കേസിൽ ചോദ്യം ചെയ്യലിനായി മാർച്ച് 5,6,7,12 തീയതികളിൽ എൻഫോഴ്സ്‌മെന്റ് മുൻപാകെ ഹാജരാകാനും ചീഫ്ജസ്റ്റിസ് രഞ്ജൻഗോഗോയ് നിർദ്ദേശിച്ചു. നിങ്ങൾക്കാവശ്യമുള്ളിടത്ത് നിങ്ങൾക്ക് പോകാം. എന്ത് വേണമെങ്കിലും ചെയ്യാം. നിയമത്തിന് ചുറ്റും കിടന്ന് കളിക്കരുത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ചീഫ്ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ടെന്നീസ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, യു.കെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി തേടിയാണ് കാർത്തി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കാർത്തി സഹകരിക്കാതെ വിദേശ യാത്ര നടത്തി അന്വേഷണത്തിൽ നിന്നൊഴിഞ്ഞുമാറുകയാണെന്ന് ഇ.ഡി വാദിച്ചു. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട തീയതി അറിയിക്കാൻ ഇ.ഡിയോട് കഴിഞ്ഞദിവസം കോടതി ആരാഞ്ഞിരുന്നു.
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിലും പ്രതിയായ കാർത്തി ചിദംബരത്തോട് കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സെപ്തംബറിൽ സുപ്രീംകോടതി അനുമതിയോടെ കാർത്തി വിദേശയാത്ര നടത്തുകയും ചെയ്തിരുന്നു.