ന്യൂഡൽഹി:വാതുവയ്പ്പുകാർ സമീപിച്ച വിവരം എന്തുകൊണ്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് ബി.സി.സി.ഐയെ ഉടൻ അറിയിച്ചില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. ഒരുപാട് പണം അന്ന് കൈയിൽ കരുതിയത് എന്തിനാണ്. സംഭവത്തിൽ ശ്രീശാന്തിന്റെ പെരുമാറ്റം ശരിയല്ലെന്നതിൽ ഒരു സംശയവുമില്ലെന്നും ജസ്റ്റിസ്‌മാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് വാക്കാൽ പറഞ്ഞു.
വാതുവയ്പ്പുകാർ സമീപിച്ച വിവരം ബി.സി.സി.ഐയെ അറിയിച്ചിരുന്നില്ലെന്ന് സമ്മതിച്ച ശ്രീശാന്തിന്റെ അഭിഭാഷകൻ സൽമാൻ ഖുർഷിദ് ഇക്കാര്യത്തിന് കിട്ടാവുന്ന ഏറ്റവും കൂടിയ വിലക്ക് അഞ്ചു വർഷമാണെന്ന് ചൂണ്ടിക്കാണിച്ചു. ആജീവനാന്ത വിലക്ക് അഞ്ചുവർഷമായി പരിമിതപ്പെടുത്താൻ ശ്രീശാന്തിന് വാദിക്കാമെന്ന് കോടതി വ്യക്തമാക്കി.
ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.
കസ്റ്റഡിയിൽ ഡൽഹി പൊലീസ് മർദ്ദിച്ചതിനെ തുടർന്നാണ് 2013ൽ ആദ്യം കുറ്റസമ്മതം നടത്തേണ്ടിവന്നത്. പണം കരുതിയത് അനാഥാലയത്തിന് നൽകാനാണ്. ഡൽഹി പൊലീസ് ഹാജരാക്കിയ ടെലിഫോൺ സംഭാഷണങ്ങളിലും വാതുവയ്പ്പിനുള്ള തെളിവില്ല. ഇത് വിചാരണ കോടതി തള്ളിയതാണ്. വാതുവയ്പ്പ് കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് വിചാരണക്കോടതി 2015ൽ വെറുതെവിട്ടിരുന്നു. ബി.സി.സി.ഐയുടെ പെരുമാറ്റം നിർദ്ദയമാണ്. പ്രതിഫലമായി പത്തുലക്ഷം രൂപ ലഭിച്ചു എന്നതുൾപ്പടെയുള്ള ആരോപണങ്ങളിൽ തനിക്കെതിരെ ഒരുതെളിവുമില്ല. 2013 മേയിൽ മൊഹാലിയിൽ രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള കളിയിൽ വാതുവയ്പ്പ് നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ ശ്രീശാന്ത് സമ്മതിച്ചുവെന്നാണ് ആരോപണം. എന്നാൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരായ ആദം ഗിൽക്രിസ്റ്റിനും ഷോൺ മാർഷിനുമെതിരായാണ് ബോളെറിഞ്ഞത്. ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്ടൻ ഹാൻസി ക്രോണിയയ്ക്ക് അല്ലാതെ ക്രിക്കറ്റിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. 2000ൽ മുഹമ്മദ് അസറുദ്ദീന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് തിരുത്തി. ആജീവനാന്ത വിലക്ക് നിലനിൽക്കാത്തതാണെന്ന് ആന്ധ്ര ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞപക്ഷം വിദേശത്തെങ്കിലും കളിക്കാൻ അനുവദിക്കണമെന്നും ഖുർഷിദ് ആവശ്യപ്പെട്ടു.
മറുപടി നൽകാനായി മലയാളത്തിലുള്ള ടെലിഫോൺ സംഭാഷണങ്ങളുടെ പൂർണമായ പരിഭാഷ ബി.സി.സി.ഐയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ഫെബ്രുവരി 20ലേക്ക് മാറ്റി.