parliament

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രസംഗത്തോടെ ഇന്ന് ആരംഭിക്കും. രാവിലെ സെൻട്രൽഹാളിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും.

ജനപ്രിയ പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്ന ഇടക്കാല ബഡ്‌ജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിയോടെ ഇടക്കാല ധനമന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. അരുൺ ജയ്റ്റ്ലി അമേരിക്കയിൽ ചികിത്സയിലായതിനാലാണ് അധികചുമതല റെയിൽവെമന്ത്രി പീയൂഷ് ഗോയലിന് നൽകിയത്. പതിവിന് വിപരീതമായി കേന്ദ്രസർക്കാ‌ർ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിച്ചാൽ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ‌ഇടക്കാല ബഡ്‌ജറ്റാണെന്ന് അവതരിപ്പിക്കുന്നതെന്നും ഇന്നലെ കേന്ദ്രധനമന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പിന് മുൻപുള്ള മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനമായതിനാൽ ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും സഭ വേദിയാകും. ഫെബ്രുവരി 13വരെയാണ് സമ്മേളനം. റാഫേൽ ഇടപാടിലെ സി.എ.ജി റിപ്പോർട്ട് സഭയിൽ വച്ചേക്കുമെന്ന് സൂചനകളുണ്ട്. മുത്തലാഖ് ബിൽ, പൗരത്വ ബിൽ തുടങ്ങിയവ പാർലമെന്റിന്റെ പരിഗണനയിലുണ്ട്. ഇവ പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമെങ്കിലും പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുനേരിടേണ്ടിവരുമെന്ന് വ്യക്തമാണ്.