ന്യൂഡൽഹി: കേന്ദ്രസർക്കാരിന് വെല്ലുവിളിയുയർത്തി, അയോദ്ധ്യയിൽ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപനം ഫെബ്രുവരി 21ന് നടത്തുമെന്ന് പ്രയാഗിൽ കുംഭമേളയ്ക്കിടെ ചേർന്ന സന്യാസിമാരുടെ പരംധരം സൻസദ് പ്രഖ്യാപിച്ചു. സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ രണ്ടുദിവസമായി ചേർന്ന ഹിന്ദുസന്യാസിമാരുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
അയോദ്ധ്യയിൽ തർക്കഭൂമിക്കു പുറത്ത് 1993- ൽ ഏറ്റെടുത്തതിൽ അധിക ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് നീക്കം. ഭൂമി തിരികെ നൽകാനുള്ള നീക്കത്തെയും സന്യാസിമാർ വിമർശിച്ചു. 'ഭൂമി തിരിച്ചുനൽകാൻ നിങ്ങളെങ്ങനെയാണ് തീരുമാനിക്കുന്നത്. ഞങ്ങൾക്ക് 66 ഏക്കറിൽ ശ്രേഷ്ഠമായ രാമക്ഷേത്രം നിർമ്മിക്കണം" സ്വാമി സ്വരൂപാനന്ദ പറഞ്ഞു.
രാമേക്ഷേത്ര നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ തടയാനാകില്ല. തടഞ്ഞാൽ രാജ്യത്തുടനീളമുള്ള ഹിന്ദുസമൂഹം മുന്നോട്ടുവരും.രാമജന്മഭൂമിക്ക് ചുറ്റുമുള്ള തർക്കരഹിതഭൂമിയിൽ ശിലയിടുക. തർക്കഭൂമിയിലല്ല. ക്ഷേത്രനിർമ്മാണം ആരംഭിക്കാനുള്ള നാലു ശിലകളുമായി അയോദ്ധ്യയിലേക്ക് പോകും. കോടതിയെയും പ്രധാനമന്ത്രിയും ഞങ്ങൾ ബഹുമാനിക്കുന്നു. നിയമം ലംഘിക്കാതെ നാലുപേർ ശിലയുമായി പോകും. രാമക്ഷേത്രനിർമ്മാണത്തിന് സമയമെടുക്കും. പക്ഷേ ഇപ്പോൾ ഇത് തുടങ്ങിയില്ലെങ്കിൽ പിന്നീട് ഒരിക്കലും നടക്കില്ലെന്നും സന്യാസിമാർ പറഞ്ഞു.
വിശ്വഹിന്ദുപരിഷത്തും ആർ.എസ്.എസും അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി ഓർഡിനൻസ് ഇറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓർഡിനൻസ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. സുപ്രീംകോടതി മുൻപാകെയുള്ള വിഷയത്തിൽ തീരുമാനം വരെട്ടെയെന്നാണ് മോദി പുതുവത്സര അഭിമുഖത്തിൽ പറഞ്ഞത്. അതിനിടെയാണ് കഴിഞ്ഞദിവസം രാമജന്മഭൂമി ന്യാസിന്റെ 42 ഏക്കറോളം ഭൂമി ഉൾപ്പെടെ തിരികെ നൽകാൻ അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.