ന്യൂഡൽഹി: സി.ബി.ഐ ഇടക്കാല ഡയറക്ടറായി എം.നാഗേശ്വരറാവുവിനെ നിയമിച്ചതിനെതിരെയുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതിയിലെ മൂന്നാമത്തെ ജഡ്ജിയും പിൻമാറി. നാഗേശ്വരറാവുവിന്റെ മകളുടെ കല്യാണത്തിന് പങ്കെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എൻ.വി രമണയാണ് ഇന്നലെ പിൻമാറിയത്. സി.ബി.ഐ ഡയറ്കടറെ നിയമിക്കുന്ന ഉന്നതാധികാര സമിതി അംഗമായതിനാൽ നേരത്തെ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിയും, അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ സമിതിയിൽ പങ്കെടുത്ത ജസ്റ്റിസ് എ.കെ സിക്രിയും പിൻമാറിയിരുന്നു. ഹർജി വേഗത്തിൽ കേൾക്കാൻ ചീഫ്ജസ്റ്റിസിനോട് അഭ്യർത്ഥിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് ജസ്റ്റിസ് രമണ മറുപടി നൽകി.
അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് നാഗേശ്വരറാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സന്നദ്ധ സംഘടനയായ കോമൺകോസ് ഹർജി നൽകിയത്.