ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഫെബ്രുവരി ആറിന് സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേൾക്കും. അന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് ഹർജികൾ പരിഗണിക്കുക.

തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 ഹർജികളാണുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.

നേരത്തേ ജനുവരി 22ന് ഹർജി പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

പുനഃപരിശോധനാഹർജികളിലെ തീരുമാനത്തിന് ശേഷമേ യുവതീ പ്രവേശനത്തിനെതിരെ നൽകിയ റിട്ട് ഹർജികൾ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ അറിയിച്ചിരുന്നു. റിട്ട് ഹർജികൾ താത്കാലികമായി ലിസ്റ്റ് ചെയ്തിരിക്കുന്ന തീയതി ഫെബ്രുവരി എട്ടാണ്.

വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ, അഖില ഭാരതീയ മലയാളി സംഘ് തുടങ്ങിയവരാണ് റിട്ട് ഹർജികൾ നൽകിയത്.

സെപ്തംബർ 28നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4-1 ഭൂരിപക്ഷ വിധിയിലൂടെ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചത്.