jind

ന്യൂഡൽഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലെ ജിന്ദിൽ ബി.ജെ.പിയും രാജസ്ഥാനിലെ രാംഗഡിൽ കോൺഗ്രസും വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട് കടുത്ത പോരാട്ടം നടന്ന ജിന്ദിൽ ബി.ജെ.പിയുടെ കൃഷ്ണൻ മിദ്ധ 12,935 വോട്ടിനാണ് വിജയിച്ചത്. ജിന്ദ് സീറ്റിൽ ആദ്യമായാണ് ബി.ജെ.പി വിജയിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടാരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ വോട്ടെണ്ണൽ ഏറെ നേരം തടസപ്പെട്ടിരുന്നു.

ഐ.എൻ.എൽ.ഡി എം.എൽ.എയായിരുന്ന ഹരിചന്ദ് മിദ്ധ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഹരിചന്ദ് മിദ്ധയുടെ മകൻ കൃഷ്ണൻ മിദ്ധ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി എ.ഐ.സി.സി മാദ്ധ്യമവിഭാഗം ചുമതല വഹിക്കുന്ന രൺദീപ് സിംഗ് സുർജ്ജേവാല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൈതാലിൽ നിന്നുള്ള എം.എൽ.എ കൂടിയായ സുർജ്ജേവാലയെ ഏറെ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഹിസാർ എം.പി ദുഷ്യന്ത് ചൗട്ടാല ഐ.എൻ.എൽ.ഡി വിട്ട് രൂപീകരിച്ച ജനനായക് ജനതാപാർട്ടിയുടെ ദിഗ്‌വിജയ് സിംഗ് ചൗട്ടാല രണ്ടാമതായി. അതേസമയം ഹരിയാനയിലെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ഐ.എൻ.എൽ.ഡിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 3,454 വോട്ടുമാത്രമാണ് ലഭിച്ചത്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്കും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനും ജിന്ദിലെ വിജയം ആശ്വസമായി.

രാജസ്ഥാനിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ രാംഗഡ് കോൺഗ്രസ് സ്ഥാനാർത്ഥി സഫിയ സുബൈർ ഖാൻ 12228 വോട്ടിനാണ് പിടിച്ചെടുത്തത്. ഇതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി. ബി.എസ്.പി സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. മുൻകേന്ദ്രമന്ത്രി നട്‌വർ സിംഗിന്റെ മകനും ബി.ജെ.പി നേതാവുമായിരുന്ന ജഗത് സിംഗാണ് ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ചത്. സീറ്റ് നിഷേധിച്ചതോടെയാണ് ജഗത് സിംഗ് ബി.ജെ.പി വിട്ടത്.