കൊല്ലം ബൈപ്പാസിനും പരാമർശം
ന്യൂഡൽഹി: കഴിഞ്ഞ നാലുവർഷത്തെ എൻ.ഡി.എ ഭരണം പുതിയ ഇന്ത്യയ‌്ക്ക് രൂപം നൽകിയെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. 2014ന് ശേഷം എല്ലാ മേഖലകളിലും മാറ്റം പ്രതിഫലിച്ചെന്ന് മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണമിട്ടു പറഞ്ഞ പ്രസംഗത്തിൽ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
എൻ.ഡി.എ സർക്കാർ പൂർത്തിയാക്കിയ പദ്ധതികൾക്ക് ഉദാഹരണമായി ഉദ്‌ഘാടനം വിവാദമായ കൊല്ലം ബൈപാസ് പദ്ധതിയും പരാമർശിച്ചു. റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാർ തീരുമാനം വ്യോമസേനയ്‌ക്ക് കരുത്താകും. രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികം ആഘോഷിക്കുന്ന 2019 ഇന്ത്യൻ ജനാധിപത്യത്തിലെ നിർണായക കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയും അംബേദ്‌കറും കണ്ട സ്വപ്‌നങ്ങൾ സാക്ഷാത്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് രാജ്യം
2014ന് മുൻപ് എല്ലാ മേഖലകളിലും അനിശ്‌ചിതത്വം. 2014ന് ശേഷം ബി.ജെ.പി സർക്കാർ പുതിയ ഇന്ത്യയെ സൃഷ്‌ടിച്ചു. അഴിമതിയും അസ്വച്‌ഛതവും അനിശ്‌ചിതത്വവും അനാസ്ഥയും ഇല്ലാതായി.
കേന്ദ്ര ക്ഷേമ പദ്ധതികൾ ജനങ്ങളിൽ ആത്മവിശ്വാസവും വിശ്വാസ്യതയും കൊണ്ടുവന്നു. സാമൂഹ്യ സാംസ്‌കാരിക മാറ്റങ്ങൾ ദൃശ്യമായി
ഗ്രാമങ്ങളിൽ ശൗചാലയങ്ങളുടെ എണ്ണം 98ശതമാനമായി
പൗരത്വ ബില്ലും മുത്തലാഖ് ബില്ലും സാമ്പത്തിക സംവരണ ബില്ലും നേട്ടം
കർഷക ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകി
രാഹുൽ മുൻ നിരയിൽ
നയപ്രഖ്യാപന പ്രസംഗം നടന്ന പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്നലെ ഒന്നാം നിരയിൽ ഇരിപ്പിടം ലഭിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ എന്നിവർക്കൊപ്പമായിരുന്നു രാഹുൽ ഇരുന്നത്. കഴിഞ്ഞ വർഷം വരെ രണ്ടാം നിരയിലായിരുന്നു രാഹുലിന്റെ സ്ഥാനം. കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ നയപ്രഖ്യാപന ചടങ്ങായിരുന്നു ഇന്നലത്തേത്. ഗോവയിൽ അവധിക്കാല സന്ദർശനത്തിന് പോയ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി സഭയിൽ എത്തിയില്ല.
സാമ്പത്തിക സർവെ ഒഴിവാക്കി
പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ പതിവുള്ള സാമ്പത്തിക സർവെ ഇക്കുറി ഇല്ല. ഇടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനുള്ള സമ്മേളനമായതിനാൽ ഒഴിവാക്കിയെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ നൽകുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ വരുമ്പോൾ രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ വിവരിക്കുന്ന സർവെ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് പുറമെ ഇടക്കാല സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന പതിവുമുണ്ട്.